തിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനില്‍ അക്രമി തീകൊളുത്തിയ സംഭവത്തിനിടെ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞ കെ.പി.നൗഫീഖ്, റഹ്മത്ത്, സഹ്‌റ ബത്തൂല്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം അനുവദിക്കുക. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
മൂന്നാറിന് ഹില്‍ ഏരിയ അതോറിറ്റി:മൂന്നാര്‍ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങളിലും നിര്‍മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനുമായി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാര്‍, ദേവികുളം, മറയൂര്‍, ഇടമലക്കുടി, കാന്തലൂര്‍, വട്ടവട, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തിലെ 8 ഉം 13 ഉം വാര്‍ഡുകള്‍ ഒഴിച്ചുള്ള മേഖലകള്‍, പള്ളിവാസല്‍ പഞ്ചായത്തിലെ 4 ഉം 5 ഉം വാര്‍ഡുകള്‍ എന്നീ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി, കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ആക്‌ട്, 2016 വകുപ്പ് 51 ല്‍ നിഷ്‌കര്‍ഷിച്ച പ്രകാരമാണ് മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുക.
അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്‍റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയിന്‍റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകള്‍ അംഗീകരിച്ചു. നിയമനങ്ങള്‍ കേരള കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.
തസ്‌തിക: ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ ഒമ്പത് തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു.