കേരളം

kerala

ETV Bharat / state

eid e milad un nabi: ഇന്ന് നബി ദിനം; പ്രവാചക സ്‌മരണയിൽ വിശ്വാസികൾ

തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ വൈകിട്ട് നബിദിന റാലി സംഘടിപ്പിക്കും. പള്ളികളിൽ വിവിധ ആഘോഷ പരിപാടികളും ഇതിനോടകം തുടങ്ങി.

By ETV Bharat Kerala Team

Published : Sep 28, 2023, 9:52 AM IST

Updated : Sep 28, 2023, 1:26 PM IST

eid e milad un nabi  nabi dinam  ഇന്ന് നബി ദിനം  പ്രവാചക സ്‌മരണയിൽ വിശ്വാസികൾ  പ്രവാചക സ്‌മരണയിൽ നബി ദിനം 2023  മൗലീദ് പറയാനാ സദസ്സുകൾ  മുഹമ്മദ് നബി ജന്മദിനം  നബി ദിനം ഘോഷയാത്ര  നബി ദിനം ആഘോഷ പരിപാടികൾ  നബി ദിനം റാലി തിരുവനന്തപുരം
eid e milad un nabi

തിരുവനന്തപുരം: മൗലീദ് പാരായണ സദസ്സുകൾ സംഘടിപ്പിച്ചും വർണാഭമായ ഘോഷയാത്ര നടത്തിയും വിശ്വാസികൾ ഇന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കും. കേരള മുസ്ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ വൈകിട്ട് 4.30ന് നബിദിന റാലി നടത്തും. പാളയത്ത് നിന്ന് ആരംഭിക്കുന്ന റാലി കിഴക്കേക്കോട്ടയിലാണ് അവസാനിക്കുക.

തുടർന്ന്, നബിദിന സന്ദേശ പ്രഭാഷണവും നടക്കും. വിവിധ സ്ഥലങ്ങളിൽ മദ്രസ വിദ്യാർഥികൾ പങ്കെടുക്കുന്ന ഘോഷയാത്രകളും നടത്തും. ദഫ്‌മുട്ട് ഉൾപ്പെടെയുള്ള കലാരൂപങ്ങളും ഘോഷയാത്രകളിൽ അകമ്പടി ചേരും.

മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ വിവിധ ആഘോഷ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. തിരുനബിയുടെ സ്നേഹ ലോകം എന്ന പ്രമേയത്തിൽ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന മീലാദ് ക്യാംപെയ്‌ന് സമാപനം കുറിച്ച് കൊണ്ടാണ് നഗരത്തിൽ ഇന്ന് നബിദിന സന്ദേശ റാലി നടത്തുന്നത്. റാലി നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

റാലി കടന്നുപോകുന്ന പ്രധാന റോഡുകളിലും ഇട റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍:ഹിജ്റ വര്‍ഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബി ജനിച്ചത്. ആറാം നൂറ്റാണ്ടിൽ ഖുറൈശി ഗോത്രത്തിൽ ആമിന - അബ്‌ദുല്ല ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബിയുടെ ജനനം. മദ്യവും യുദ്ധവും ഉൾപ്പെടെ സർവ അരാചകത്വവും കൊടികുത്തി വാണിരുന്ന, സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്‌തിരുന്ന സമൂഹത്തെ പരിഷ്‌കരിക്കുക എന്ന ദൗത്യമാണ് പ്രവാചകൻ മുഹമ്മദ് നബിയില്‍ കല്‍പ്പിക്കപ്പെട്ടിരുന്നത് എന്നാണ് മതപണ്ഡിതര്‍ പറയുന്നത്.

63 വർഷത്തെ തന്‍റെ മാതൃകപരമായ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് പലരും നബിയെ വിലയിരുത്തുന്നത്. മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും അനുസ്‌മരിച്ചാണ് വിശ്വാസികൾ നബി ദിനം ആഘോഷിക്കാറുള്ളത്. ആധുനിക സമൂഹത്തിലും ഏറെ പ്രസക്തമാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍.

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മില്‍പ്പെട്ടവനല്ല എന്ന നബി വചനം മാനവികതയുടെ മഹത്തായ സന്ദേശമാണ് പകർന്നു നൽകുന്നത്. എന്‍റെ മകൾ ഫാത്തിമ കട്ടാലും ഞാൻ അവളുടെ കൈ വെട്ടുമെന്ന വചനം നീതിയുടെ മുമ്പിൽ എല്ലാവരും തുല്ല്യരാണ് എന്ന് ഓർമിപ്പിക്കുന്നതാണ്. അധ്വാനത്തിന്‍റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണം എന്ന നിർദേശം ചൂഷണ രഹിതമായ സാമൂഹ്യ വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്.

അറബിയ്ക്ക്‌ അനറബിയേക്കാൾ സ്ഥാനമില്ല. വെളുത്തവന് കറുത്തവനെക്കാൾ സ്ഥാനമില്ല. എല്ലാ മനുഷ്യരും സമമാണ് എന്ന പ്രവാചക വചനം മനുഷ്യർക്കിടയിലെ എല്ലാ വിവേചനങ്ങൾക്കും എതിരായ ശക്തമായ പ്രഖ്യാപനമായിരുന്നു. സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കാത്തവർ നമ്മിൽപ്പെട്ടവനല്ല. മദ്യവും മയക്കുമരുന്നും ഉൾപ്പടെ മനുഷ്യന്‍റെ തിരിച്ചറിവ് നഷ്ട്ടപ്പെടുന്നവയെല്ലാം വർജിക്കണമെന്ന നബി സന്ദേശം ഉള്‍പ്പെടെ മീലാദ് ആഘോഷ പരിപാടികളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു.

Last Updated : Sep 28, 2023, 1:26 PM IST

ABOUT THE AUTHOR

...view details