തിരുവനന്തപുരം:ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ പുതുക്കി കേരളത്തിലെ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും മൃഗങ്ങളെ ബലിയറുത്ത് മാംസ വിതരണവും ഉണ്ടാകും. പ്രവാചകനായ ഇബ്രാഹിം നബി ഏറെ നാള് കാത്തിരുന്ന് ലഭിച്ച തന്റെ മകനെ അല്ലാഹുവിന് ബലിനല്കാന് തയ്യാറായ ത്യാഗത്തിന്റെ ഓര്മ പുതുക്കിയാണ് വിശ്വാസികള്‍ വര്‍ഷം തോറും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ഈദുല്‍ അള്ഹ എന്നും വലിയ പെരുന്നാള്‍ എന്നും ഹജ്ജ് പെരുന്നാള്‍ എന്നും ബലിപെരുന്നാളിനെ വിശേഷിപ്പിക്കാറുണ്ട്. ഏറെ നാളത്തെ പ്രാര്‍ഥനയ്ക്കൊടുവില്‍ വാര്‍ധക്യത്തിലാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസ്മായില്‍ എന്ന തന്റെ ആ ഓമന പുത്രനെ ബലി നല്കാന് ഒരിക്കല്‍ ഇബ്രാഹിമിന് ദൈവ കല്പന ലഭിക്കുന്നു.
തുടര്‍ന്ന് ഇബ്രാഹിം നബി തന്റെ മകനെ ബലി നല്കാന് തയ്യാറാകുന്നു. എന്നാല്‍ ഇബ്രാഹിം നബിയുടെ സമര്‍പ്പണത്തെ അംഗീകരിക്കുകയും മകന് പകരം ആടിനെ ബലി നല്‍കാനുള്ള കല്പന ലഭിക്കുകയുമായിരുന്നു. ഈ വിശ്വാസത്തിലാണ് ബലിപെരുന്നാളിന് മൃഗങ്ങളെ ബലിയറുക്കുന്നത്. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമപ്പുറം നന്മനിറഞ്ഞ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
ബലിപെരുന്നാള്‍ ആഘോഷം, സംസ്ഥാനത്ത് രണ്ട് ദിവസം അവധി: ബലി പെരുന്നാളിന് ഇത്തവണ രണ്ട് ദിവസം ആണ് സംസ്ഥാനത്ത് അവധി. ജൂണ്‍ 28ഉം, 29ഉം അവധിയായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജൂണ്‍ 27ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.