തിരുവനന്തപുരം : പ്രകൃതി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയവ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന കാര്യം വലിയ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ശാസ്ത്രീയമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്‍റെ ആഴവും വ്യാപ്‌തിയും കുറയ്ക്കുമെന്ന് ഇപ്പോള്‍ നമുക്കറിയാമെന്നും സമീപ കാലത്തെ ചില അനുഭവങ്ങളില്‍ നിന്ന് നമുക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ - അന്താരാഷ്ട്ര പുസ്‌തകോത്സവവുമായി ബന്ധപ്പെട്ട് 'കാലാവസ്ഥ വ്യതിയാനവും, ദുരന്ത നിവാരണവും' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനങ്ങളെ ഉള്‍ച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകള്‍ നിലവില്‍ വരേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തോടും പെട്ടെന്നുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളോടും എങ്ങനെ പ്രതികരിക്കണം എന്ന് തിരിച്ചറിയാന്‍ നമ്മുടെ യുവ തലമുറയെ പ്രാപ്‌തരാക്കേണ്ടതുണ്ടെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.