തിരുവനന്തപുരം : തിങ്കളാഴ്‌ച സ്‌കൂള്‍ തുറക്കാനിരിക്കെ രക്ഷിതാക്കള്‍ക്ക് ഒരു ഉത്കണ്‌ഠയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. ഒരു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്ക് ശേഷം വിപുലമായ ആസൂത്രണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികളെ എല്ലാ രക്ഷിതാക്കളും ആത്മവിശ്വാസത്തോടെ സ്‌കൂളിലേക്ക് അയക്കുക. ആദ്യ രണ്ടാഴ്‌ച ഹാജര്‍ ഉണ്ടായിരിക്കില്ല. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയാല്‍ മതി. വാക്‌സിനെടുക്കാത്ത ആരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
തിരികെ സ്‌കൂളുകളിലേക്ക്, ഒരുക്കങ്ങൾ പൂർത്തിയായി: വിദ്യാഭ്യാസ മന്ത്രി വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 2,282
സംസ്ഥാനത്ത് മുന്‍ഗണന പട്ടികയില്‍ ഉണ്ടായിരുന്നിട്ടും 2,282 അധ്യാപകര്‍ ഇനിയും വാക്‌സിനെടുത്തിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയാണ് കണക്ക് പുറത്തുവിട്ടത്. അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഒരു വിഭാഗം ഉന്നയിക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ മതപരമായ കാര്യങ്ങളാല്‍ മാറിനില്‍ക്കുകയാണ്.
ഇത്തരക്കാര്‍ താത്കാലികമായി സ്‌കൂളിലെത്തേണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതാകും ഉചിതമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്‌കൂളുകളിലാകെ 1,75,000 അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്.
സ്‌കൂളുകള്‍ പൂര്‍ണ സജ്ജം
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശിവന്‍കുട്ടി പറഞ്ഞു. 24,300 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളിലേക്കായി വിദ്യാഭ്യാസ വകുപ്പ് നല്‍കി. സോപ്പും സാനിട്ടൈസറും ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ വാങ്ങാന്‍ 2.85 കോടിയും നല്‍കിക്കഴിഞ്ഞു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി 105.5 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. പാചക തൊഴിലാളികള്‍ക്കും മറ്റ് താത്കാലിക ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങാതിരിക്കാന്‍ 45 കോടി രൂപ അനുവദിച്ചു.
സ്‌കൂളുകള്‍ക്ക് ഗ്രാന്‍റ് ഇനത്തില്‍ 11 കോടിയും അറ്റകുറ്റപ്പണികള്‍ക്കായി 10 ലക്ഷം രൂപ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ക്കും കൈമാറിയെന്ന് മന്ത്രി അറിയിച്ചു. ഒഴിവുവന്ന തസ്‌തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
സജ്ജമാകാനുള്ള സ്‌കൂളുകള്‍
കേരളത്തിലെ ആകെ 15,452 സ്‌കൂളുകളില്‍ ഇനിയും പരിസര ശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ളത് 204 സ്‌കൂളുകളാണ്. ജില്ലകളില്‍ നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 446 സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് ലഭിക്കാനുണ്ട്. 1,474 സ്‌കൂളുകളില്‍ ബസുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
Also Read: ഇതുവരേയും വാക്സിനെടുത്തില്ലേ, എങ്കില്‍ സ്കൂളിലേക്ക് വരേണ്ട; അധ്യാപകരോടും രക്ഷിതാക്കളോടും മന്ത്രി