തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്‍റെ പ്രായോഗികത പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകൾ തുറക്കുമ്പോൾ എടുക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും സർക്കാരിന് റിപ്പോർട്ട് നൽകും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് അവലോകന യോഗത്തിൽ കേരളത്തിൽ സ്‌കൂളുകൾ തുറക്കാമെന്ന നിർദ്ദേശം അന്താരാഷ്ട്ര വിദഗ്‌ധർ മുന്നോട്ടുവച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.