തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ ഏപ്രിൽ 10നകം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മാർച്ച് 31നുള്ളിൽ പാഠഭാഗങ്ങൾ തീർക്കും. ഈ അധ്യയന വർഷത്തിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അധ്യാപക സംഘടനകൾ തീരുമാനത്തിന് പിന്തുണ നൽകിയതായും വി.ശിവൻകുട്ടി.
മാർച്ച് വരെ മാത്രമാകും ശനിയാഴ്‌ചയും പ്രവൃത്തിദിനമാകുന്നത്. കൊവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് തീരുമാനം.
ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി മുഴുവൻ സമയവും പ്രവർത്തിക്കുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. ജില്ല കലക്‌ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ല ഭരണകൂടം വിലയിരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.