തിരുവനന്തപുരം: പ്ലസ് വൺ ഉപരിപഠനം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം എ പ്ലസ് ലഭിച്ച എല്ലാ കുട്ടികൾക്കും ആഗ്രഹിച്ച കോഴ്‌സിൽ അഡ്‌മിഷൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണയും എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട് തുടങ്ങി 7 ജില്ലകളിൽ 20 ശതമാനവും കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ 10 ശതമാനം ആനുപാതിക സീറ്റ് വർധനവ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ കുട്ടികൾ കുറവായിരുന്ന 4 ബാച്ചുകൾ പുനഃക്രമീകരിക്കുകയും 75 ബാച്ചുകൾ താത്കാലികമായി അനുവദിക്കുകയും ചെയ്‌തു. ഇങ്ങനെ സീറ്റ് വർധനവിലൂടെ 71,489 ഒഴിവുകൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.