തിരുവനന്തപുരം :2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്‌ചകള്‍ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയ അധ്യയന വര്‍ഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൂടുതൽ പ്രൈമറി സ്‌കൂളുകളെ ആധുനികവത്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ എച്ച് എസില്‍ നിർമിച്ച വർണക്കൂടാരം പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌മാര്‍ട്ടാകാന്‍ കൂടുതല്‍ പ്രൈമറി സ്‌കൂളുകള്‍ : പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വത്‌കരിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്‌തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിന്‍റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂള്‍ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
അവധിയിലും മാറ്റം :സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം 210 പ്രവൃത്തി ദിവസം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പ്രവേശനോത്സവ ചടങ്ങിൽ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി അവധിയിലും മാറ്റം വരുത്തും. ഏപ്രില്‍ ആറ് മുതലാകും ഇക്കുറി മധ്യവേനലവധി ആരംഭിക്കുക.