എറണാകുളം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങുന്നു. ഫാരിസ് അബൂബക്കറിൻ്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് ഇഡിയും പ്രാഥമിക പരിശോധന തുടങ്ങിയത്. ഫാരിസിന്‍റെ ഭൂമിയിടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. പല ഭൂമി ഇടപാടുകളും നടന്നത് വിദേശ രാജ്യങ്ങളിലാണ്. ഇതിന്‍റെ മറവിൽ വലിയ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നു. ഈയൊരു സാഹചര്യത്തിൽ ഫാരിസ് അബൂബക്കറിന്‍റെയും അടുത്ത ബന്ധുക്കളുടേയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇഡി പരിശോധിക്കും.
ആദായ നികുതി വകുപ്പ് പരിശോധന: ഫാരിസ് അബൂബക്കറിന്‍റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് തിങ്കളാഴ്‌ച തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. ഫാരിസ് അബൂബക്കറിന്‍റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫിസുകളിലും പരിശോധന തുടരുകയാണ്.
തൃശൂർ, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിസം റെയ്‌ഡ് നടന്നത്. പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം.
എന്നാൽ എൻഫോഴ്സ്മെന്‍റ് പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടുകളെ കുറിച്ചാണ്. ഫാരിസ് അബൂബക്കർ ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന് സംശയിക്കുന്നതിനാൽ അത്തരം ഇടപാടുകളിൽ ഉൾപ്പെടുന്നവരെയും ഇഡി ചോദ്യം ചെയ്യും. കൊച്ചിയിൽ എടവനക്കാട്, മുളവുകാട് പ്രദേശങ്ങളിൽ ഇത്തരത്തിൽ ഭൂമി വാങ്ങി കുട്ടിയെന്നാണ് ആരോപണം ഉയരുന്നത്.