തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) സജീവമായപ്പോള്‍ ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് സിപിഎമ്മും (CPM) കോണ്‍ഗ്രസും (Congress). കരുവന്നൂര്‍ ബാങ്കിലെ (Karuvannur Bank Fraud) 300 കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എ സി മൊയ്‌തീന്‍റെ (A C Moideen) വീട്ടില്‍ പരിശോധന നടന്നപ്പോൾ മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്‌തു തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കെ സുധാകരനെയും (K Sudhakaran) ഇഡി ചോദ്യം ചെയ്‌തിരുന്നു.
ഈ രണ്ടുസംഭവങ്ങളിലും രാഷ്ട്രീയ വേട്ടയാടല്‍ എന്ന പതിവ് ആരോപണം കേന്ദ്ര ഏജന്‍സിക്കെതിരെ ഉന്നയിക്കാമെങ്കിലും ന്യായീകരണങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ് (ED Investigation On CPM And Congress Leaders). വ്യക്തിപരമായ ആരോപണമായതിനാല്‍ കെ സുധാകരന് ഈ ന്യായീകരണത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിയാക്കിയതോടെയാണ് സുധാകരന്‍ കൂടി ഇഡി അന്വേഷണ പരിധിയില്‍ വന്നത്.
എന്നാല്‍ സിപിഎമ്മിന് ഈ ന്യായീകരണത്തിലൂടെ മാത്രം കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. സിപിഎമ്മിനുള്ളില്‍ ഈ കേസില്‍ എതിരഭിപ്രായമുള്ളവരുണ്ട്. ആദ്യമായി പരാതിയുമായി മുന്നോട്ട് വന്നതും സിപിഎം അംഗമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഇഡി റെയ്‌ഡിനെ രാഷ്ട്രീയ വേട്ടയാടല്‍ എന്ന് മാത്രം പറഞ്ഞ് തള്ളാന്‍ സിപിഎമ്മിന് കഴിയില്ല.
വിവാദങ്ങള്‍ മറന്നിരിക്കെ റെയ്‌ഡ്, ഞെട്ടലില്‍ സിപിഎം : സിപിഎമ്മിനെ വല്ലാതെ ബാധിച്ച വിവാദമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പെന്ന ആരോപണം. സിപിഎം പാര്‍ട്ടിയംഗവും മുന്‍ ബാങ്ക് ജീവനക്കാരനുമായ എസ് സുരേഷാണ് പാര്‍ട്ടിക്ക് ഇത് സംബന്ധിച്ച് ആദ്യം പരാതി നല്‍കിയത്.
അന്നത്തെ പാര്‍ട്ടി ജില്ല സെക്രട്ടറിയായ ബേബി ജോണ്‍ ഇക്കാര്യം പരിശോധിക്കവേയാണ് എ സി മൊയ്‌തീന്‍ ജില്ല സെക്രട്ടറിയാകുന്നത്. ഇതോടെ പരാതി എ സി മൊയ്‌തീന്‍റെ പരിഗണനയിലായി. ബാങ്കില്‍ നടന്ന തട്ടിപ്പില്‍ എ സി മൊയ്‌തീന് പങ്കുണ്ടെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ മൊയ്‌തീന്‍ ജില്ല സെക്രട്ടറിയായതോടെ ആ പരാതി ഒതുക്കി.
പരാതി സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച കമ്മിഷന്‍റെ റിപ്പോര്‍ട്ട് പരിശോധിക്കുകയോ സംസ്ഥാന ഘടകത്തെ ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയോ ചെയ്‌തില്ല. പരാതിയില്‍ തട്ടിപ്പ് നടത്തിയവരെന്ന് ആരോപിച്ചിരുന്നവരുമായി മൊയ്‌തീന്‍ അടുത്ത ബന്ധം തുടരുകയും ഇവരുടെ സ്ഥാപനങ്ങളുടെ ഉത്‌ഘാടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തു.
എന്നാല്‍ കോടികളുടെ തട്ടിപ്പ് നടന്നതോടെ സഹകരണ ബാങ്ക് തകര്‍ച്ചയുടെ വക്കിലെത്തി. നിക്ഷേപകരില്‍ പലര്‍ക്കും നിക്ഷേപം തിരികെ ലഭിക്കാതെയും വന്നതോടെയാണ് പ്രതിഷേധം സജീവമായതും വിവരങ്ങള്‍ പുറത്തറിഞ്ഞതും. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കേസിലെ പ്രതികളില്‍ 23 പേരില്‍ 18 പേരും സിപിഎം ബന്ധമുള്ളവരാണ്.
വിഷയം വലിയ ചര്‍ച്ചയായതോടെയാണ് പ്രതികളെ സിപിഎം കൈവിട്ടത്. എന്നാല്‍ പലതവണ പരാതി ലഭിച്ചിട്ടും തട്ടിപ്പ് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഈ വിഷയത്തില്‍ സിപിഎം സ്വീകരിച്ച ഏക സംഘടന നടപടി ജില്ല കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനേയും കെ ആര്‍ വിജയനേയും നോട്ടപിശകിന്‍റെ പേരില്‍ തരം താഴ്ത്തിയത് മാത്രമാണ്.
തട്ടിപ്പ് നടത്തിയവരുമായി നേരിട്ട് ബന്ധമെന്നും, അവരില്‍ പലരും എ സി മൊയ്‌തീന്‍റെ നോമിനികളാണെന്നും ആരോപണം ഉയര്‍ന്നിട്ടും അന്നത്തെ സഹകരണമന്ത്രി കൂടിയായ എ സി മൊയ്‌തീനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പോലും മൊയ്‌തീനിലേക്ക് എത്തിയില്ല.
എന്നാല്‍ പാര്‍ട്ടി സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് പ്രതികളായ ചില സിപിഎം പ്രവർത്തകർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവിന്‍റെ വീട്ടില്‍ എത്തി ഇഡി പരിശോധന നടത്തിയത്. ചൊവ്വാഴ്‌ച രാവിലെ ആരംഭിച്ച പരിശോധന ബുധനാഴ്‌ച പുലര്‍ച്ചെ വരെ നീണ്ടുനിന്നു. 22 മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും രണ്ട് സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.
31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ടായിരുന്ന രണ്ട് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ന്യായീകരണങ്ങള്‍ ഒരുക്കാന്‍ സിപിഎം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങളെല്ലാം തണുത്തിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി എ സി മൊയ്‌തീന് ഉടന്‍ നോട്ടിസ് നല്‍കിയേക്കും.
നിയമപരമായി നേരിടും : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്‌തീനെതിരായ ഇഡി നീക്കങ്ങളെ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമാണ് സിപിഎം നിലപാട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് മൊയ്‌തീൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് തന്നെയാണ് സിപിഎം മൊയ്‌തീന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും. എന്നാല്‍ മൊയ്‌തീന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് പാര്‍ട്ടിയെ കൈവിട്ട പ്രതികള്‍ കേസില്‍ നല്‍കിയിരിക്കുന്ന മൊഴികള്‍. അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണം വരുമ്പോള്‍ അത് തിരിച്ചടിയാകുമോയെന്നും സിപിഎമ്മിന് ഭയമുണ്ട്.