തിരുവനന്തപുരം:ആരോഗ്യം, ഭക്ഷണം, വരുമാനം, പാര്‍പ്പിടം തുടങ്ങിയ നാലു ഘടകങ്ങളെ ആസ്‌പദമാക്കി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 64,006 കുടുംബങ്ങള്‍ അതി ദരിദ്രമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. വരുന്ന നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതി ദാരിദ്ര്യം തുടച്ചു നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളില്‍ 35 ശതമാനത്തിന് വരുമാനത്തിന്‍റെ അഭാവവും 24 ശതമാനം കുടുംബങ്ങള്‍ക്ക് ആരോഗ്യത്തിന്‍റെ അഭാവവും 21 ശതമാനത്തിന് ഭക്ഷണത്തിന്‍റെ അഭാവവും 15 ശതമാനം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടത്തിന്‍റെ അഭാവവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
അതിദാരിദ്ര്യ സര്‍വേ വഴി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 75 ശതമാനം പൊതു വിഭാഗത്തില്‍ നിന്നും 20 ശതമാനം പട്ടിക ജാതി വിഭാഗത്തില്‍ നിന്നും അഞ്ച് ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുമാണ്. അതി ദരിദ്രരില്‍ 81 ശതമാനം ഗ്രാമപഞ്ചായത്തുകളിലും 15 ശതമാനം മുനിസിപ്പാലിറ്റികളിലും നാല് ശതമാനം കോര്‍പ്പറേഷനുകളിലും വസിക്കുന്നു. അതി ദാരിദ്ര്യം ഏറ്റവും രൂക്ഷമായിരിക്കുന്നത് കേരളത്തിന്‍റെ ഗ്രാമീണ മേഖലയിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജില്ല അടിസ്ഥാനത്തിലുള്ള അവലോകനം: 8553 അതി ദരിദ്ര കുടുംബങ്ങളുള്ള മലപ്പുറമാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതലുള്ള ജില്ല. 7278 കുടുംബങ്ങളുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട്(6773 കുടുംബങ്ങള്‍), പാലക്കാട്(6443 കുടുംബങ്ങള്‍) എന്നിവയാണ് തൊട്ടു പിന്നിലുള്ള ജില്ലകള്‍.
1071 കുടുംബങ്ങളുള്ള കോട്ടയമാണ് അതി ദരിദ്രരുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. 40 വര്‍ഷത്തിനിടയ്ക്ക് കേവല ദാരിദ്ര്യത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുവെങ്കിലും നിലവില്‍ സംസ്ഥാനത്തിന്‍റെ ദാരിദ്ര്യ നിരക്ക് 11.3 ശതമാനമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നഗര ഗ്രാമ ദാരിദ്ര്യത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
നിതി ആയോഗിന്‍റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. എങ്കിലും സംസ്ഥാനത്തെ പട്ടികജാതി, പട്ടിക വര്‍ഗം, മത്സ്യത്തൊഴിലാളികള്‍, മണ്‍പാത്രം നിര്‍മിക്കുന്നവര്‍, കരകൗശല തൊഴിലാളികള്‍, തുടങ്ങിയ ചില സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലാണ് ഏറ്റവുമധികം ദാരിദ്ര്യം കാണാന്‍ സാധിക്കുന്നത്. ദാരിദ്ര്യത്തിന്‍റെ വ്യാപ്‌തി കുറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് സംസ്ഥാനത്തിനു മുന്നിലുള്ള വെല്ലുവിളിയാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നു.