തിരുവനന്തപുരം:കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതായി സാമ്പത്തിക അവലോകന സര്‍വേ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ സര്‍വേ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്‍റെ സൂചനയാണ് സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.
2020-21 വര്‍ഷത്തില്‍ 620.93 കോടി രൂപയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ മൊത്ത വരുമാനം 2021-22 ആയപ്പോഴേക്കും 1,095.5 കോടി രൂപയായാണ് വര്‍ധിച്ചത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണിത്. 2020-21 ലെ 1,485.84 കോടി രൂപയെ അപേക്ഷിച്ച് 2021-22ൽ മൊത്ത റവന്യൂ ചെലവ് 2,707.66 കോടി രൂപയും 2020-21 ലെ 864.91 കോടി രൂപയെ അപേക്ഷിച്ച് 2021-22 കാലയളവിലെ പ്രവർത്തന നഷ്‌ടം 1,012.14 കോടി രൂപയുമാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ലോജിസ്റ്റിക്‌സ്, ഷോപ്പ് വൺ വീൽ, മൂന്നാറിലെ കെഎസ്ആർടിസി ബസിലെ സ്റ്റേ, കെഎസ്ആർടിസി ലൂബ് ഷോപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുമായി ചേർന്ന് റീട്ടെയിൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ ‘യാത്രാ ഇന്ധനം’ എന്നീ നൂതന പദ്ധതികൾ കെഎസ്ആർടിസി അവതരിപ്പിച്ചു.
കെഎസ്‌ആര്‍ടിസി നേരിടുന്ന വെല്ലുവിളികള്‍:വർഷങ്ങളായുള്ള പ്രവർത്തന ചെലവിലെ വർധനവ്, പെൻഷൻ പ്രതിബദ്ധത വർധനവ്, പലിശ അടയ്ക്കൽ, സാമ്പത്തികമല്ലാത്ത റൂട്ടുകളിലെ സര്‍വീസ്, ഇളവുകളോടെയുളള യാത്രകള്‍ എന്നിവ കോർപറേഷന്‍റെ നഷ്‌ടം വർധിക്കാൻ കാരണമായതിനാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മോശമാണ്. പ്രവർത്തനത്തിലെ അപാകത, ഉയർന്ന ബസ്-സ്റ്റാഫ് അനുപാതം, ലാഭകരമല്ലാത്ത റൂട്ടുകളിലെ പ്രവർത്തനം, പ്രവർത്തനക്ഷമമല്ലാത്ത ഡിപ്പോകൾ എന്നിവയിലൂടെ ഉണ്ടാകുന്ന കനത്ത നഷ്‌ടവും കെഎസ്ആർടിസിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.