തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധത്തിനുള്ള മാർഗ നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 48 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആർ അല്ലെങ്കിൽ ആന്‍റിജൻ നെഗറ്റീവ് പരിശോധ ഫലങ്ങളോ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്‍റെ രേഖകളോ ഇല്ലാത്ത സ്ഥാനാർഥികളെയോ കൗണ്ടിങ് ഏജന്‍റുമാരെയോ വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണൽ ദിനത്തിലെ കൊവിഡ് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി - election commission
വോട്ടെണ്ണൽ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങൾ കൂട്ടം കൂടാൻ അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ
കൗണ്ടിങ് ഏജന്‍റുമാരുടെ പട്ടിക സ്ഥാനാർഥികൾ വോട്ടെണ്ണൽ ദിവസത്തിന് മൂന്നു ദിവസം മുമ്പ് വരണാധികാരികൾക്ക് നൽകിയിരിക്കണം. സാമൂഹ്യ അകലം, വായു സഞ്ചാരം തുടങ്ങിയവ ഉറപ്പാക്കും വിധം ജനലുകൾ, എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പടെയുള്ള വിശാലമായ ഹാളിലായിരിക്കണം വോട്ടെണ്ണൽ. വോട്ടെണ്ണലിന് മുമ്പും ശേഷവും ഹാൾ അണു നശീകരണം നടത്തണം. വോട്ടിങ് യന്ത്രങ്ങളും അണുവിമുക്തമാക്കണം. ഹാളിന്‍റെ വിസ്തൃതി അനുസരിച്ചാകണം കൗണ്ടിങ് ടേബിളുകൾ അനുവദിക്കാൻ. അതനുസരിച്ച് മൂന്നോ, നാലോ ഹാളുകളിലായി വേണം ഒരോ മണ്ഡലത്തിലും വോട്ടെണ്ണൽ നടത്താൻ.
ഹാളിന്‍റെ പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ്, സാനിറ്റൈസർ എന്നിവ ഒരുക്കണം. പനി, ജലദോഷം എന്നിവ ഉള്ളവരെ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. എല്ലാ കൗണ്ടിങ് ഉദ്യോഗസ്ഥർക്കും മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നൽകണം. തപാൽ ബാലറ്റുകൾ എണ്ണാൻ കൂടുതൽ എ.ആർ.ഒ മാരെ നിയോഗിക്കണം. ആവശ്യമെങ്കിൽ തപാൽ ബാലറ്റുകൾ പ്രത്യേക ഹാളിൽ എണ്ണണം. സ്ഥാനാർഥിക്കൊപ്പം രണ്ടു പേരിൽ കൂടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനായി വരണാധികാരിക്ക് മുന്നിലെത്താൻ പാടില്ല. വോട്ടെണ്ണൽ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങൾ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ അറിയിച്ചു.