തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് ഒരിക്കല്‍ കൈ പൊള്ളിയെങ്കിലും ഇപ്പോഴും പിന്‍മാറാന്‍ തയ്യാറാകാതെ ഒപ്പം കൂട്ടിയിട്ടുള്ള സെമി ഹൈ സ്‌പീഡ് സില്‍വര്‍ലൈനിനെ പൂര്‍ണമായും തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. പദ്ധതിയില്‍ മാറ്റം വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പ്രായോഗികമാണെന്ന തരത്തില്‍ താന്‍ അഭിപ്രായ പ്രകടനം നടത്തിയതായുള്ള ചില മാധ്യമ വര്‍ത്തകള്‍ തള്ളിയാണ് അദ്ദേഹം രംഗത്തുവന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയിലെ വസതിയിലെത്തിയ കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസുമായുള്ള സംഭാഷണങ്ങള്‍ക്ക് ശേഷമാണ് താന്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയെന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കിയ ശ്രീധരന്‍, സില്‍വര്‍ ലൈന്‍ തികച്ചും അപ്രായോഗികമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും വ്യക്തമാക്കി.
പറഞ്ഞതില്‍ മാറ്റമില്ലാതെ :സില്‍വര്‍ ലൈന്‍ കേരളത്തിന് ഒരിക്കലും പ്രായോഗികമല്ല. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഏകദേശം 400 കിലോമീറ്റര്‍ ദൂരത്തില്‍ അതിവേഗ പാത നിര്‍മിക്കാം എന്നതാണ് തന്‍റെ പ്രൊജക്‌ട്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാഷ്ട്രീയം നോക്കാതെ ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ താന്‍ തയ്യാറാണെന്നും ഇ.ശ്രീധരന്‍ പൊന്നാനിയില്‍ മാധ്യമങ്ങളോട് അറിയിച്ചു.
സില്‍വര്‍ ലൈന്‍ തികച്ചും അപ്രായോഗികമാണ്. നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായും മണ്‍തിട്ടകളിലൂടെയും പാത കൊണ്ടുപോവുക എന്നതാണ് കെ റെയില്‍ വിഭാവനം ചെയ്യുന്നത്. ഇതിനായി ഏകദേശം 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. പാതയുടെ ഇരുഭാഗത്തും മതില്‍കെട്ടി വേര്‍തിരിക്കുന്നതോടെ ഫലത്തില്‍ ഏകദേശം 295 കിലോമീറ്ററോളം കേരളം രണ്ടായി വെട്ടിമുറിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
സില്‍വര്‍ലൈനിനാവട്ടെ ചെറുതും വലുതുമായ മൂവായിരത്തോളം പാലങ്ങള്‍ വേണ്ടി വരും. ഇതിനായി വലിയ തുക ചെലവഴിക്കേണ്ടി വരും. ഇത്രയും തുക ചെലവഴിച്ചിട്ടും സില്‍വര്‍ ലൈനിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ മാത്രമാണ്. സംസ്ഥാനത്തിന്‍റെ അതിവേഗ പാതയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സില്‍വര്‍ലൈനിന് ഒരിക്കലും സാധിക്കുകയില്ല എന്നതിനാലാണ് താന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നതെന്നും ശ്രീധരന്‍ വ്യക്തമാക്കി.
പ്രായോഗികം തുരങ്കങ്ങളും ആകാശപാതകളും :തുരങ്കങ്ങളും ആകാശപാതകളും (എലവേറ്റഡ് ഹൈവേ) മാത്രമാണ് കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമെന്നാണ് ഇ.ശ്രീധരന്‍റെ വാദം. ഇതിന് ഒരിഞ്ച് ഭൂമി പോലും വിലകൊടുത്ത് ഏറ്റെടുക്കേണ്ടി വരില്ല. എലവേറ്റഡ് ട്രാക്ക് നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ കുറച്ച് ഭൂമിയുടെ ആവശ്യം വരുന്നുള്ളൂ. ഇതിനായി ഭൂവുടമകളില്‍ നിന്ന് ഭൂമി പാട്ടത്തിനെടുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആകാശപാതയ്‌ക്ക് 10 മീറ്ററായിരിക്കും വീതി. ഇരുഭാഗത്തും അഞ്ച് മീറ്റര്‍ അധികമായി വേണ്ടി വരും. അപ്പോള്‍ 20 മീറ്ററായിരിക്കും എലവേറ്റഡ് ഹൈവേയുടെ വീതി. ഇത്രയും സ്ഥലം ഉടമകളില്‍ നിന്ന് പാട്ടത്തിനെടുക്കുക മാത്രമല്ല, ഇത് അവര്‍ക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുകയും ചെയ്യാം. ഇവിടെ കെട്ടിട നിര്‍മാണമൊഴികെ കൃഷിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും പാട്ടത്തുക മുടക്കമില്ലാതെ ഉടമകള്‍ക്ക് ലഭിക്കുന്നതിലൂടെ അവര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 20 മീറ്ററിനപ്പുറം വീടുവയ്ക്കാമെന്നും തുരങ്കം കടന്നുപോകുന്നിടത്ത് മുകളിലുള്ളവര്‍ നിര്‍മാണത്തെ കുറിച്ച് അറിയുക പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി ഇങ്ങനെ : തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള 400 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈ സ്‌പീഡ് ട്രെയിനാണ് ശ്രീധരന്‍ ഡിഎംആര്‍സി വഴി നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്നത്. കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 82 കിലോമീറ്ററില്‍ യാത്രക്കാരുടെ എണ്ണം പൊതുവേ കുറവാണ്. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് ഏറ്റവുമധികം യാത്രക്കാരുള്ളത്. ഭാവിയില്‍ കാസര്‍കോട് വരെയുള്ള പാത പരിഗണിക്കുകയുമാകാം. മാത്രമല്ല ഒരു മണിക്കൂര്‍ എട്ട് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോടെത്തും. പദ്ധതി പൂര്‍ണതോതില്‍ പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കണക്കാക്കിയിരിക്കുന്നത് 63,940 കോടി രൂപയാണെങ്കില്‍ ഹൈ സ്‌പീഡ് പദ്ധതിയുടെ ചെലവ് 1.2 ലക്ഷം കോടി രൂപ വരും. എന്നാല്‍ ഇതില്‍ 20 ശതമാനം മാത്രമേ ഭൂമി ഏറ്റെടുക്കലിനായി വരികയുള്ളൂ. മാത്രമല്ല ഭൂമി ഏറ്റെടുക്കലിന്‍റെ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. നിര്‍മാണ ചെലവിന്‍റെ 30 ശതമാനം സംസ്ഥാന സര്‍ക്കാരും 30 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിച്ചാല്‍ 40 ശതമാനം വായ്‌പയായി ലഭ്യമാക്കാവുന്നതേയുള്ളൂവെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്രം കെ റെയില്‍ പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ ഇ.ശ്രീധരനെ അനുനയിപ്പിച്ചാല്‍ കേന്ദ്രത്തിന്‍റെ എതിര്‍പ്പിന്‍റെ മൂര്‍ച്ച കുറയുമെന്ന കണക്കുകൂട്ടലിലാണ് കെ.വി തോമസിനെ ശ്രീധരന്‍റെ വസതിയിലേക്കയച്ചതെങ്കിലും സില്‍വര്‍ ലൈനിനോട് അദ്ദേഹം പൂര്‍ണമായി വിയോജിപ്പ് പ്രകടിപ്പിച്ചത് പദ്ധതി നടപ്പാക്കാമെന്ന സര്‍ക്കാരിന്‍റെ കണക്കുകൂട്ടലിന് തിരിച്ചടിയാകും.