തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് കാലത്തെ നിയമസഭ റിപ്പോർട്ടിങ്ങിനു ശേഷം വിരമിക്കുന്ന ഇ.സോമനാഥിന് തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മയുടെ ആദരം. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിലാണ് സോമനാഥിന് ആദരം സംഘടിപ്പിച്ചത്. മൂന്ന് തലമുറയിലുള്ളവർ നിയമസഭ നടപടികൾ മനസിലാക്കിയത് സോമനാഥിൻ്റെ റിപ്പോർട്ടിങ്ങിലൂടെയാണെന്ന് സോമനാഥിന് ആദരം അർപ്പിച്ചുകൊണ്ട് സ്‌പീക്കർ എം.ബി രാജേഷ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ കണ്ടയാളാണെന്നും അതുകൊണ്ടുതന്നെ വിശ്രമ ജീവിതത്തിലേക്ക് പോകാതെ അനുഭവങ്ങളെല്ലാം പുസ്‌തകരൂപത്തിൽ പുറത്തിറക്കണം എന്ന് ചടങ്ങിൽ സ്‌പീക്കർ അഭ്യർഥിച്ചു.
ഇ.സോമനാഥിന് ആദരവുമായി പത്രപ്രവര്‍ത്തക കൂട്ടായ്മ - സ്‌പീക്കർ
നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മയാണ് ആദരം സംഘടിപ്പിച്ചത്.
മൂന്ന് പതിറ്റാണ്ട് കാലം നിയമസഭയിൽ നടന്ന നല്ലതും മോശവുമായ സംഭവങ്ങളെല്ലാം കണ്ടയാളാണ് സോമനാഥ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പഠിപ്പിക്കാനറിയാത്തത് കൊണ്ടും പട്ടാളത്തിൽ എടുക്കാത്തത് കൊണ്ടും പത്രപ്രവർത്തന രംഗത്ത് വഴി തെറ്റി വന്നയാളാണ് താൻ എന്ന് സോമനാഥ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. വിശ്രമ ജീവിതമില്ല, താൻ വായനയുമായി ഇവിടെയുണ്ടാകുമെന്നും സോമനാഥ് പറഞ്ഞു. എഴുത്തുകാർ ധാരാളം ഉള്ളതുകൊണ്ട് എഴുത്തിലേക്ക് കടക്കാൻ മുതിരുന്നില്ലെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്‌ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Also Read: 'മുഖ്യമന്ത്രി മറുപടി പറയണം'; അഴിമതിവിരുദ്ധ സംരക്ഷണ മതിലുമായി പ്രതിപക്ഷം