തിരുവനന്തപുരം: 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ കോടതി വെറുതെ വിട്ടത് സിപിഎം പ്രവർത്തകരായ സാക്ഷികൾ കൂറുമാറിയതുകൊണ്ടെന്ന് അടിവരയിട്ട് മുതിർന്ന സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ. സ്‌പീക്കറുടെ അനുമതിയോടെ ഇതുസംബന്ധിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്‌താവനയിലാണ് ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം എന്ന് പേരെടുത്തു പരാമർശിക്കാതെയായിരുന്നു ചന്ദ്രശേഖരൻ്റെ വിമർശനം.
ബിജെപിക്കാർ പ്രതികളായ കേസിലെ സാക്ഷികൾ സിപിഎം പ്രവർത്തകരായിരുന്നു. കേസിൻ്റെ വിചാരണയ്ക്കിടെ സാക്ഷികളായ മൂന്ന് സിപിഎം പ്രവർത്തകർ ബിജെപിക്കനുകൂലമായി കൂറുമാറിയത് വൻ വിവാദമായിരുന്നു. എന്നാൽ കേസിലെ സാക്ഷികൾ കൂറുമാറിയതുകൊണ്ടല്ല, എല്ലാവരും ഒരേ മൊഴി നൽകിയതുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടതെന്ന് സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കുഞ്ഞമ്മദ് മാസ്റ്റർ നിയമസഭയിൽ നന്ദി പ്രമേയ ചർച്ചക്കിടെ അവകാശപ്പെട്ടിരുന്നു. ഇതിനാണ് ചന്ദ്രശേഖരൻ പ്രത്യേക വിശദീകരണം നൽകിയത്.
Also Read:പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തില്‍ 5 എംഎല്‍എമാര്‍ സത്യഗ്രഹത്തില്‍
2016 മെയ് 19ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂർ പഞ്ചായത്തിലെ മാവുങ്കൽ എന്ന സ്ഥലത്തു വച്ചാണ് തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഇ.ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നാരോപിച്ച് ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്.