പൊലീസ് സ്റ്റേഷന്‍ ഉപരോധം തിരുവനന്തപുരം:ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച ഡിവൈഎഫ്‌ഐ (DYFI) നേതാവിന് പിഴയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷന്‍ (Police Station) ഉപരോധിച്ച് ഡിവൈഎഫ്‌ഐ (DYFI) പ്രവര്‍ത്തകര്‍. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ ഒമ്പത് മണി വരെയായിരുന്നു ഉപരോധം. ഡിവൈഎഫ്‌ഐ (DYFI) വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതീഷിനാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പിഴയിട്ടത്.
പിഴ ചുമത്തിയതിന് പിന്നാലെ വൈകിട്ട് നിതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിതീഷിന് പരിക്കേറ്റു. ഇതോടെയാണ് ഡിവൈഎഫ്‌ഐയുടെ (DYFI) നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധം ആരംഭിച്ചത്.
ചൊവ്വാഴ്‌ച (ഓഗസ്റ്റ് 22) വൈകിട്ട് നാല് മണിയോടെ ഒരുവാതില്‍ക്കോട്ട പരിസരത്ത് വച്ചാണ് ഉപരോധത്തിന് ആസ്‌പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധനക്കിടെ ഹെല്‍മെറ്റില്ലാതെ എത്തിയ നിതീഷിനെ പൊലീസ് (Police) തടഞ്ഞു. സംഭവത്തിന് പിന്നാലെ പേട്ട എസ്‌ഐമാരായ അഭിലാഷും അസീമും ഇയാള്‍ക്ക് പിഴ ചുമത്തി. എന്നാല്‍ താന്‍ ഡിവൈഎഫ്ഐ (DYFI) നേതാവാണെന്നും അത്യാവശ്യമായി ഒരിടം വരെ പോകുകയാണെന്നും നിതിന്‍ പറഞ്ഞു.
ഹെല്‍മെറ്റില്ലെങ്കില്‍ പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരും നിതിനും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ പിഴ അടക്കുന്നതിനുള്ള നോട്ടിസ് നല്‍കുകയും ചെയ്‌തു. വൈകിട്ട് ആറ് മണിയോടെ പൊലീസ് തന്നെ അസഭ്യം വിളിച്ചെന്ന പരാതിയുമായി നിതീഷ് പൊലീസ് സ്റ്റേഷനിലെത്തി. ഒരു സംഘം യുവാക്കളാണ് നിതിഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വാഹന പരിശോധനക്കിടെ നിതീഷിനെ എസ്‌ഐമാര്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച സംഘം പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പൊലീസും ഡിവൈഎഫ്‌ഐ (DYFI) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശി.
സംഘര്‍ഷത്തില്‍ നിതീഷും സിപിഎം (CPM) പേട്ട നാലുമുക്ക് ബ്രാഞ്ച് സെക്രട്ടറി കിഷോറിനും പരിക്കേറ്റു. ഇതോടെയാണ് സംഘം സ്റ്റേഷന്‍ ഉപരോധിച്ചത്. വി.ജോയ് എംഎൽഎ (MLA), മുൻ മേയർ കെ ശ്രീകുമാർ (Former Mayor K Srikumar) മറ്റ് ഡിവൈഎഫ്ഐ (DYFI) നേതാക്കൾ എന്നിവര്‍ സ്ഥലത്തെത്തി. രാത്രി ഒമ്പത് മണിവരെയാണ് സംഘം പൊലീസ് സ്റ്റേഷന്‍ (Police Station) ഉപരോധിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അറിയിച്ചതിന് പിന്നാലെയാണ് സംഘം ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ പേട്ട സ്റ്റേഷനിലെ എസ്ഐമാർക്കെതിരെ കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ (DYFI) പ്രാദേശിക നേതൃത്വം.