തിരുവനന്തപുരം:വനം കൊള്ളയ്‌ക്കെതിരെ ബുധനാഴ്‌ച ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ ബിജെപി നടത്തിയ സമരത്തിനിടയിൽ വനിത പ്രവർത്തകയുടെ കൈയ്യിൽ ഡിവൈഎഫ്ഐ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടു. "പെട്രോൾ വില സെഞ്ചുറിയടിച്ചു, പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ" എന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്. ഇത് അറിയാതെ പ്രവർത്തക പ്ലക്കാർഡുമായി സമരത്തിൽ പങ്കെടുത്തു.
Also Read: ഉത്തരവില്‍ പിഴവില്ല, ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു; മുട്ടില്‍ മരം മുറിയില്‍ പ്രതികരണവുമായി കെ.രാജന്‍
അബദ്ധം പറ്റിയെന്ന് മനസിലായതോടെ മറ്റു നേതാക്കള്‍ ചേർന്ന് പ്ലക്കാർഡ് നശിപ്പിക്കുകയായിരുന്നു. തലേദിവസം ഡിവൈഎഫ്ഐയുടെ സമരം നഗരസഭയ്ക്ക് മുന്നിൽ നടന്നിരുന്നു. അതിനായി ഉപയോഗിച്ച പ്ലക്കാർഡുകൾ സമരക്കാർ അവിടെ ഉപേക്ഷിക്കുകയും ചെയ്‌തു. ഈ പ്ലക്കാർഡാണ് ബിജെപി പ്രവർത്തക അബദ്ധത്തിൽ എടുത്തത്.
ബിജെപി സമരത്തിനിടെ ഡിവൈഎഫ്ഐ പ്ലക്കാർഡ് സംഭവം ട്രോളുകളും മറ്റുമായി ഇതിനോടകം തന്നെ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വയനാട്ടിലെ മുട്ടിൽ മരം മുറി ഉൾപ്പടെ സംസ്ഥാന സർക്കാരിൻ്റെ വനം കൊള്ളയ്‌ക്കെതിരെ ബിജെപി ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്താനാണ് വനം കൊള്ള നടത്തിയതെന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.