തിരുവനന്തപുരം: കേന്ദ്ര സർക്കാർ പിന്തുടർന്ന് പോകുന്ന സ്വകാര്യവത്കരണ നയങ്ങൾ കേരളത്തെ അപകടകരമായ അവസ്ഥയിലെത്തിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. ബിജെപിയുടെ പ്രഖ്യാപിത നയം നിരവധി പേർക്ക് ജോലി നൽകുമെന്നതായിരുന്നു. എന്നാൽ ഇതിന് വിപരീതമായിട്ടാണ് കാര്യങ്ങൾ പോകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
സ്വകാര്യവത്കരണത്തിനെതിരെ ഡിവൈഎഫ്ഐ സ്വകാര്യവത്കരണത്തിലൂടെ രാജ്യത്തെ വിൽക്കുകയാണ് ബിജെപി. ഇന്ത്യയിലെ തൊഴിലാളി വിഭാഗത്തെ കോർപ്പറേറ്റ് അടിമകളാക്കാനുള്ള നീക്കമാണ് നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതും ബിപിസിഎൽ കൊച്ചി, എൽഐസി പോലെ ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള നീക്കം കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും സനോജ് പറഞ്ഞു.
എച്ച്.എൽ.എൽ വിൽക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന എച്ച്.എൽ.എൽ സ്ഥാപനങ്ങൾ വിൽക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഡിവൈഎഫ്ഐ സംഘടപ്പിക്കുമെന്ന് സനോജ്. ഇതിൻ്റെ ഭാഗമായി ഈ മാസം 22ന് പൂജപ്പുര എച്ച്.എൽ.എൽ മുതൽ പേരൂർക്കട എച്ച്.എൽ.എൽ വരെ പ്രതിഷേധ മാർച്ച് സംഘടപ്പിക്കും. ഓഹരികൾ സംസ്ഥാന സർക്കാർ വാങ്ങാൻ തയാറായിട്ടും മാനദണ്ഡങ്ങൾ മാറ്റി അത് നിഷേധിക്കുന്നത് കോർപ്പറേറ്റുകളെ വളർത്താനാണെന്നും സനോജ് കൂട്ടിച്ചേർത്തു.
സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഈ മാസം 27 മുതൽ 30 വരെ പത്തനംതിട്ട ജില്ലയിൽ നടത്തും. സമ്മേളനത്തിൻ്റെ ലോഗോ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്‌തു.
Also Read: ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍