തിരുവനന്തപുരം:വിജിലന്‍സ് പരിശോധനയ്ക്കിടെ വിജിലന്‍സ് ഡിവൈഎസ്‌പി വീട്ടില്‍ നിന്നും മുങ്ങി. വിജിലന്‍സ് ഡിവൈഎസ്‌പി വേലായുധന്‍റെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഡിവൈഎസ്‌പി വീട്ടില്‍ നിന്നും മുങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഡിവൈഎസ്‌പിയുടെ മൊബൈലും ബാങ്ക് രേഖകളും വിജിലന്‍സ് പരിശോധന സംഘം ശേഖരിച്ചിരുന്നു. പരിശോധന പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും കടന്നു കളയുകയായിരുന്നു.
തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണനെ മാര്‍ച്ച് അഞ്ചിന് നഗരസഭയിലെ പ്യൂണിനോടൊപ്പം കൈക്കൂലി വാങ്ങുന്നതിന് വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് നാരായണന്‍റെ ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്‌പിയായ വേലായുധന്‍റെ മകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ വന്നതായി കണ്ടെത്തിയത്. മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നാരായണനെതിരെ നിലനിന്നിരുന്ന അഴിമതി കേസിന്‍റെ അന്വേഷണ ചുമതല വേലായുധനായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനായി നാരായണന്‍ വേലായുധന് പണം നല്കിയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വേലായുധനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുകയും വീട്ടില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധനയും നടത്തിയത്. വിജിലന്‍സ് എസ് പി അജികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഡിവൈഎസ്‌പിയുടെയും മകന്‍റെയും ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്നാല്‍ മൊബൈല്‍ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ രേഖകള്‍ ഒപ്പിട്ടു നൽകിയ ശേഷം അന്വേഷണ സംഘം വീട്ടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡിവൈഎസ്‌പി മുങ്ങിയത്.