തിരുവനന്തപുരം: ഒരു പതിറ്റാണ്ടായി സഞ്ചാരയോഗ്യമല്ലാത്ത റോഡ് കാരണം ദുരിതമനുഭവിക്കുകയാണ് വിതുര ആദിവാസി സെറ്റിൽമെന്‍റ് നിവാസികൾ. പൊട്ടൻചിറ, മണി തൂക്കി, ഈട്ടിമുട്, ഒറ്റ കുടി, അപ്പിൻ കാവ് എന്നീ ആറ് സെറ്റിൽമെൻ്റിലെ നൂറിലധികം കുടുബങ്ങളാണ് ഈ ദുരിതമനുഭവിക്കുന്നത്. വന്യമൃഗശല്യം പതിവായുള്ള ഈ പ്രദേശത്ത് കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. എന്നിട്ടും റോഡ് നവീകരണത്തിന് അധികൃതർ തയ്യാറാകുന്നില്ലെന്ന് സെറ്റിൽമെൻ്റ് നിവാസികൾ പറയുന്നു.
ഗതാഗത സൗകര്യമില്ല; വിതുര ആദിവാസി സെറ്റിൽമെന്‍റ് നിവാസികൾ ദുരിതത്തിൽ - road
അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
റോഡിന്‍റെ ശോചനീയാവസ്ഥ കാരണം പഠനം പോലും തുടരാനാവാത്ത സാഹചര്യമാണ് മണിതൂക്കിയിലുള്ള സാംസ്കാരിക നിലയത്തിൽ പഠിക്കുന്ന സെറ്റിൽമെന്‍റിലെ കുട്ടികൾക്കുള്ളത്. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞതിനാൽ അവശ്യഘട്ടങ്ങളിൽ പോലും ടാക്സി വാഹനങ്ങൾ എത്താറില്ല എന്നത് ഇവിടുത്തെ ജനങ്ങളെ പലപ്പോഴും ദുരിതത്തിൽ ആക്കാറുണ്ട്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിൻറെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും മണിതൂക്കിയിലേക്കുള്ള ഭാഗത്ത് ഇപ്പോഴും ദുരിതാവസ്ഥ തുടരുകയാണ്. അരുവിക്കര എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രാദുരിതത്തിന് പരിഹാരം കാണാൻ തയ്യാറായില്ലെന്നാണ് സെറ്റിൽമെന്‍റ് നിവാസികൾ പറയുന്നത്. അടിയന്തരമായി സർക്കാർ ഇടപെട്ട് തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.