തിരുവനന്തപുരം:കൊവിഡ് 19 രോഗ ഭീതി സംസ്ഥാനമാകെ പടർന്ന് പിടിച്ചതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. യാത്രാക്കാർ കുറഞ്ഞ സർവീസുകളാണ് വെട്ടിക്കുറച്ചത്. എ.സി സർവീസുകളും ഭാഗികമായി നിർത്തിവച്ചിട്ടുണ്ട്. രോഗ ബാധയുടെ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു.
സർവീസുകൾ വെട്ടിക്കുറച്ചതോടെ ഏകദേശം ഒന്നേകാൽ കോടിയുടെ നഷ്‌ടമാണ് പ്രതിദിനം കെഎസ്.ആർടിസിക്ക് ഉണ്ടാകുന്നത്. 16 മുതൽ 17 ലക്ഷം കിലോമീറ്റർ ദൂരമാണ് കെഎസ്ആർടിസി നേരത്തെ സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് പതിനഞ്ചര ലക്ഷമായി ചുരുക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ എ.സി സർവീസുകൾ ഭാഗികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന പതിനൊന്ന് എ.സി സർവീസുകളാണ് നിർത്തിയത്. തിരുവനന്തപുരം - പത്തനംതിട്ട റൂട്ടിലെ മൂന്ന് എ.സി സർവീസുകളും തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്കും തൊടുപുഴയിലേയ്ക്കുമുള്ള രണ്ട് വീതം സർവീസുകളും നിർത്തിവച്ചു.
അതേസമയം, ആലപ്പുഴ വഴിയുള്ള എ.സി സർവീസുകൾ മുടങ്ങില്ല. തിരക്ക് തീരെയില്ലാത്ത സർവീസുകളാണ് താത്കാലികമായി വെട്ടിക്കുറതെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. അന്തർ സംസ്ഥാന സർവീസുകളിലൊടുന്ന ബസുകൾ സാനിറ്റൈസേഴ്‌സ് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്ന നടപടികളും പുരോഗമിക്കുന്നു.
കൊവിഡ് 19 വൈറസിനെതിരെയുള്ള ജാഗ്രത നിർദേശത്തിന്‍റെ ഭാഗമായി ദീർഘദൂര കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി വാടകക്കെടുത്ത് സർവീസ് നടത്തുന്ന ബസുകളിലടക്കം കർട്ടനുകളും ബ്ലാങ്കറ്റുകളും മാറ്റാനാണ് നിർദേശം. യൂണിറ്റ് അധികാരികൾക്കാണ് നിർദേശം നൽകിയത്. ബസുകളിൽ നിന്നും മാറ്റുന്ന ബ്ലാങ്കറ്റുകളും കർട്ടനുകളും അണുവിമുക്തമാക്കി പ്രത്യേകം സൂക്ഷിക്കും. അതേസമയം എറണാകുളത്ത് നിന്നുള്ള കെഎസ്ആർടിസി എ.സി ബസുകൾ സർവീസ് നിർത്തിയെന്ന വാർത്ത ശരിയല്ലെന്ന് ഡിടിഒ അറിയിച്ചു. കളക്ഷൻ കുറവായതിനാൽ എറണാകുളത്ത് നിന്നും 12 സർവീസുകൾ മാത്രമാണ് അയയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഏഴ് എ.സി ബസുകളും സർവീസ് നടത്തുന്നു. കോട്ടയം വഴിയുള്ള സർവീസുകൾ തല്‍കാലം നിർത്തിയിട്ടുണ്ട്.