തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തിവച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും. കഴിഞ്ഞ മൂന്ന് മാസമായി നിരത്തിലിറങ്ങാതെ കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്കും ഇന്ന് മുതൽ പ്രവർത്തിക്കാൻ അനുമതി ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ഡ്രൈവിങ് ക്ലാസുകളും ലൈസൻസ് ടെസ്റ്റുകളും നടത്തേണ്ടതെന്നാണ് സർക്കാർ നിർദ്ദേശം.
ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി കഴിഞ്ഞ ശേഷം പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കാണ് ആദ്യ ഘട്ടത്തിൽ ടെസ്റ്റുകൾ നടക്കുക. ലോക്ക്ഡൗണിന് മുൻപ് സ്ലോട്ട് ബുക്ക് ചെയ്യുകയും ലോക്ക്ഡൗണിനെ തുടർന്ന് കാലാവധി അവസാനിക്കുകയും ചെയ്തവരുടെ സ്ലോട്ടുകൾ പുനഃക്രമീകരിക്കും. മോട്ടോർ വാഹന വകുപ്പിന്‍റെ mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.