തിരുവനന്തപുരം:കുടിവെള്ള കണക്ഷന് ഓൺലൈൻ സംവിധാനവുമായി വാട്ടർ അതോറിറ്റി. നടപടികൾ അനായാസമാക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. ഓഫിസുകളിൽ നേരിട്ടെത്താതെ എല്ലാ നടപടി ക്രമങ്ങളും ഇതിലൂടെ തന്നെ പൂർത്തിയാക്കാനാണ് നീക്കം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പി.ടി.പി നഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷൻ, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷൻ എന്നീ വാട്ടർ അതോറിറ്റി ഓഫിസുകൾക്കു കീഴിലുള്ള കണക്ഷനുകൾക്കാണ് ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തുന്നത്. സംസ്ഥാന വ്യാപകമായി ഉടൻ പദ്ധതി നടപ്പാക്കും.
ഇതിനായി ഒരുക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകൾ ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്തോ ഉൾപ്പെടുത്താൻ സാധിക്കും.
വിവരങ്ങൾ എസ്.എം.എസ് വഴി ലഭിയ്ക്കും
ഈ അപേക്ഷകൾ ബന്ധപ്പെട്ട സെക്ഷൻ ഓഫിസുകളിൽ എത്തുന്നതോടെ സ്ഥലപരിശോധനയ്ക്കായി കൈമാറും. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കണക്ഷൻ നൽകാൻ സാധിയ്ക്കുമെന്ന് ബോധ്യപ്പെടുന്നതോടെ കണക്ഷൻ നൽകുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിയ്ക്കും. വിവരങ്ങൾ അപേക്ഷകന് എസ്.എം.എസ് ആയി ലഭിക്കും.
തുക ഓൺലൈൻ ആയി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി അടയ്ക്കുന്നതോടെ കണക്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കൺസ്യൂമർ സർവിസ് സെന്‍ററുകൾ വഴിയോ വാട്ടർ അതോറിറ്റി ഓഫിസുകൾ വഴിയോ ഇ-ടാപ്പ് അപേക്ഷകൾ സമർപ്പിക്കാം.
വാട്ടർ മീറ്റർ റീഡിങിന് സെൽഫ് മീറ്റർ സംവിധാനം
ചൊവ്വാഴ്ച മുതലാണ് ഇ-ടാപ്പ് സംവിധാനം പ്രവർത്തനം തുടങ്ങുക. ഇത് കൂടാതെ മീറ്ററിൻ്റെ റീഡിങ്ങ് സ്വയം നടത്താനും സംവിധാനം ഒരുങ്ങിയിട്ടുണ്ട്. സെൽഫ് മീറ്റർ റീഡിങ് വാട്ടർ അതോറിറ്റി ഓഫിസിൽ ബിൽ സൃഷ്ടിക്കപ്പെടുമ്പോൾത്തന്നെ, ഉപഭോക്താവിന് എസ്.എം.എസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണ് സെൽഫ് മീറ്റർ റീഡിങ്.
ഉപഭോക്താവ് മീറ്റർ റീഡിങ് രേഖപ്പെടുത്തി, മീറ്ററിന്‍റെ ഫോട്ടോ എടുക്കുമ്പോൾ തന്നെ കണക്ഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബിൽ തുകയും മറ്റു വിവരങ്ങളും എസ്.എം.എസ് ആയി നൽകും. ബിൽ തുക ഉപഭോക്താവിന് ഓൺലൈൻ ആയി തന്നെ അടയ്ക്കാനും സാധിക്കും.
ALSO READ:അടച്ചുപൂട്ടില്ല, ഓയിൽപാം ഫാക്‌ടറി നവീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍