കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റില്‍ നാടകീയ രംഗങ്ങൾ: തീപിടിത്തത്തിന് രാഷ്ട്രീയ മാനം - Dramatic scenes in the trivandrum Secretariat

ചീഫ് സെക്രട്ടറി പുറത്തെത്തി മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എല്ലാവരെയും പുറത്താക്കി. സംഭവം അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാർ എത്തി. എന്നാല്‍ പൊലീസ് തടഞ്ഞു.

Dramatic scenes in the Secretariat: The political dimension to the fire
സെക്രട്ടേറിയറ്റില്‍ നാടകീയ രംഗങ്ങൾ: തീപിടിത്തത്തിന് രാഷ്ട്രീയ മാനം

By

Published : Aug 25, 2020, 10:36 PM IST

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തിന് ശേഷമുണ്ടായത് നാടകീയ രംഗങ്ങൾ. വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രോട്ടോക്കോള്‍ ഓഫീസിന് തീപിടിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പൊഴേക്കും തീപിടിത്തം രാഷ്ട്രീയ വിവാദത്തീയായി മാറിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആദ്യമെത്തി. തീപിടിത്തം അട്ടിമറിയാണെന്നും ഫോറന്‍സിക് സംഘം വരാതെ പോകില്ലെന്നും ബിജെപി നേതാക്കൾ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി.

തുടര്‍ന്ന് കെ സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ ചീഫ് സെക്രട്ടറി പുറത്തെത്തി മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എല്ലാവരെയും പുറത്താക്കി. സംഭവം അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാർ എത്തി. എന്നാല്‍ പൊലീസ് തടഞ്ഞു. പിന്നാലെ വി.ടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൂടി എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് നേതാക്കാള്‍ ഗെയ്റ്റിനു മുന്നില്‍ കുത്തിയിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സെക്രട്ടേറിയറ്റിലെത്തി.

സെക്രട്ടേറിയറ്റിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആദ്യം ചെന്നിത്തലയെ വിലക്കിയെങ്കിലും ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ് നേരിട്ടെത്തി ചെന്നിത്തലയേയും രണ്ടു എം.എല്‍.എമാരെയും തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പിന്നാലെ ഒ. രാജഗോപാല്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളും തീപിടിത്തം ഉണ്ടായ സ്ഥലം കാണണമെന്ന ആവശ്യവുമായി എത്തി. എന്നാല്‍ ഒ. രാജഗോപാല്‍ എം.എല്‍.എയെ മാത്രം പ്രവേശിപ്പിക്കാം എന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അത് ബിജെപി അംഗീകരിച്ചില്ല, ചര്‍ച്ചകള്‍ക്കൊടുവില്‍ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ് എന്നിവരെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനം. ഇതിനിടെ പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തി. ആദ്യം എത്തിയത് യൂത്ത് കോണ്‍ഗ്രസ് പിന്നാലെ യുവമോര്‍ച്ച. പ്രതിഷേധക്കാര്‍ക്ക് നേരെ ഒന്നിലേറെ തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി തവണ ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പൊലീസ് വിരട്ടി ഓടിച്ചത്. രാത്രി വൈകിയും പ്രതിഷേധം തുടർന്നു.

ABOUT THE AUTHOR

...view details