കേരളം

kerala

ETV Bharat / state

V Venu Chief Secretary | 'പ്രധാന വിഷയങ്ങളില്‍ മുന്നില്‍ നിന്ന് നേരിടും' ; ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ഡോ. വി വേണു

സര്‍ക്കാര്‍ നൽകിയ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്നും ഫയലുകള്‍ സമയ ബന്ധിതമായി തീർപ്പാക്കുമെന്നും ഡോ. വി വേണു

വി വേണു  കേരള ചീഫ് സെക്രട്ടറി വി വേണു  വി പി ജോയ്  ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ഡോ വി വേണു  Dr V Venu took charge as kerala Chief Secretary  Dr V Venu  kerala Chief Secretary Dr V Venu
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ഡോ. വി വേണു

By

Published : Jun 30, 2023, 8:51 PM IST

തിരുവനന്തപുരം : ഫയലുകള്‍ സമയ ബന്ധിതമായി നീക്കുന്നതിന് നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. ഫയല്‍ തീര്‍പ്പാക്കലില്‍ പരാതികള്‍ ഉണ്ടെങ്കിലും അത് വലിയ രീതിയിലുള്ളതല്ല. അത്തരത്തിലുളള പരാതികള്‍ അവസാനിപ്പിക്കാനാണ് ശ്രമമെന്നും വി വേണു വ്യക്തമാക്കി. പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഭിച്ച അവസരം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്നും വി പി ജോയിയുടെ പിന്‍ഗാമി ആയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വി വേണു പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഒരു ഘട്ടത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും പ്രധാന വിഷയങ്ങളില്‍ മുന്നില്‍ നിന്ന് നേരിടാന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

സര്‍ക്കാര്‍ എല്‍പ്പിച്ച ഉത്തരവാദിത്തം മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്നും വി വേണു കൂട്ടിച്ചേർത്തു. വിരമിച്ച ചീഫ് സെക്രട്ടറി വി.പി ജോയിയിൽ നിന്നാണ് വേണു ചുമതലയേറ്റെടുത്തത്. വി.പി ജോയിക്ക് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക യാത്രയപ്പിന് ശേഷമായിരുന്നു ചുമതലയേറ്റെടുക്കല്‍.

1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. വി വേണു ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ചീഫ്‌ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തിന്‍റെ ടൂറിസം, സാംസ്‌കാരിക രംഗങ്ങളില്‍ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥനാണ് ഡോ. വി വേണു.

ടൂറിസം ഡയറക്‌ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ച കാലത്താണ് സംസ്ഥാനം വിനോദസഞ്ചാര മേഖലയില്‍ വാണിജ്യപരമായി മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ- പൊതുമേഖല ബന്ധം കെട്ടിപ്പടുക്കുകയും ചെയ്‌തത്. വി വേണുവാണ് 'കേരള ട്രാവല്‍ മാര്‍ട്ട്' എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ഉത്തരവാദിത്ത ടൂറിസത്തിലേക്കുള്ള കേരളത്തിന്‍റെ മുന്നേറ്റത്തിന് പ്രേരണ നല്‍കിയതും വി വേണുവായിരുന്നു. 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദ ബിസിനസ് ഓഫ് ടൂറിസം' എന്ന പേരില്‍ അദ്ദേഹമെഴുതിയ പുസ്‌തകം ടൂറിസം വിദ്യാര്‍ഥികള്‍ക്ക് ആധികാരിക ഗ്രന്ഥമാണ്. 2007 മുതല്‍ 2011 വരെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഇക്കാലത്താണ് ഇന്‍റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ആരംഭിച്ചത്. കേരള മ്യൂസിയം ആരംഭിക്കുന്നതും ഇക്കാലത്താണ്. സംസ്ഥാനത്തെ മ്യൂസിയങ്ങള്‍, പുരാരേഖകള്‍ എന്നിവയുടെ സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

2018ലെ പ്രളയത്തിന് ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തമായ നേതൃത്വം നല്‍കി. ഡോ വേണു റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്‍റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി സേവനമനുഷ്‌ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം സംബന്ധിച്ച് ലോക ബാങ്കുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയത്.

2022 ലാണ് അദ്ദേഹം സംസ്ഥാന ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. പരിസ്ഥിതി വകുപ്പിന്‍റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സംസ്ഥാന തീരദേശ പരിപാലന പദ്ധതിയെ ജന സൗഹൃദവും പ്രാദേശിക ആവശ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details