തിരുവനന്തപുരം :തലസ്ഥാന നഗരിയിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെയുണ്ടായ വെള്ളക്കെട്ടിന്‍റെ പ്രധാന കാരണം അശാസ്‌ത്രീയമായ നിർമാണങ്ങൾ ഒഴുക്ക് തടസപ്പെടുത്തുന്നതാണെന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. സജിൻ കുമാർ. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം ആവശ്യമാണെന്നും ഡോ. സജിൻ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു (Dr. Sajin Kumar about flood and need of awareness).
പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് പ്രളയം. ഇന്നത്തെ പുഴയുടെ കരയല്ല പണ്ടുകാലത്തേത്. പുഴയുടെ വശങ്ങളും പുഴയുടെ ഭാഗമാണ്. ചെറിയ സമയം കൊണ്ട് വലിയ തോതിലുള്ള മഴയാണ് ഇപ്പോൾ കാണപ്പെടുന്നത്.
പെട്ടെന്ന് മഴ വരുമ്പോൾ മണ്ണിലേക്ക് വെള്ളം ഇറങ്ങാനുള്ള സമയം ലഭിക്കുന്നില്ല. ഇതാണ് ഒരു കാരണം. പുഴയുടെ ഇരുവശങ്ങളിലെയും നിർമാണ പ്രവർത്തനങ്ങൾ കാരണം അർധരാത്രി മുഴുവൻ നീണ്ടുനിന്ന മഴയിൽ എത്തിയ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി പുഴയ്‌ക്ക് നഷ്‌ടപ്പെടുന്നു. കൂടാതെ ഭൂപ്രകൃതി മനസിലാക്കാതെയാണ് ഓടകളുടെ നിർമാണം.
വെള്ളം പുഴയിൽ ചെന്ന് അവസാനിക്കുന്ന രീതിയിലാണ് ഓടകൾ നിർമിക്കുന്നത്. എന്നാൽ ഓടകൾക്ക് മുകളിലേക്ക് വെള്ളം കയറുമ്പോൾ ഇതേ ഓടകൾ വഴി വെള്ളം തിരിച്ച് വരും. അങ്ങനെ ഇതുവരെ വെള്ളം കയറാത്ത സ്ഥലങ്ങളിലും വെള്ളം കയറുന്നു.
ഡ്രെയ്നേജുകൾ പോകുന്നതും പലപ്പോഴും ഓടകളിലൂടെയാണ്. വെള്ളക്കെട്ട് വരുമ്പോൾ ഇതേ കാരണങ്ങൾ കൊണ്ട് ഡ്രെയ്നേജ് മാലിന്യവും ഇതിനൊപ്പം കലരുന്നു. കടലാസുകളിൽ മാത്രം ഒതുങ്ങിപ്പോയ മറ്റൊരു പദ്ധതിയാണ് മഴവെള്ള കൊയ്‌ത്ത്. എല്ലാ വീടുകളിലും മഴവെള്ള കൊയ്‌ത്ത് വേണമെന്നാണ് ചട്ടം.