തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധ വിവാദത്തിന് പിന്നാലെ നിയുക്ത പി എസ് സി അംഗവും ഡി വൈ എഫ് ഐ നേതാവുമായ ഡോ. പ്രിൻസി കുര്യാക്കോസിൻ്റെ (Dr Princy Kuriakose) പിഎച്ച്‌ഡിയും വിവാദത്തിൽ (PHD Controversy). 'ആദി ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളുടെ താരതമ്യപഠനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ ശങ്കരാചാര്യർ ജീവിച്ചിരുന്നത് പതിനെട്ട് - പത്തൊൻപത് നൂറ്റാണ്ടുകളിലാണന്നും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വിവേചനവും തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യേയാണ് തുടങ്ങിയതെന്നുമാണ് പ്രിൻസി കുര്യാക്കോസ് ഗവേഷണ പ്രബന്ധത്തിൽ ചേർത്തിരിക്കുന്നത്. കൂടാതെ പ്രിൻസിയുടെ ഇംഗ്ലീഷ് ഭാഷ പ്രയോഗവും അടിമുടി തെറ്റാണെന്ന് സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിച്ചു.
2018ൽ കാലടി സംസ്‌കൃത സർവകലാശാലയിൽ (Sree Sankaracharya University of Sanskrit) നിന്നും ഡോ. ധർമ്മരാജ് അടാട്ടിൻ്റെ മേൽനോട്ടത്തിലാണ് പ്രിൻസി കുര്യാക്കോസ് പിഎച്ച്ഡി കരസ്ഥമാക്കിയത്. പൊതുവർഷം എട്ട് - ഒൻപത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. പ്രബന്ധത്തിൽ ഉടനീളം വ്യാപകമായി പിശകുകളുള്ളത് ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ അവഗണിച്ച് പ്രബന്ധത്തിന് പിഎച്ച്ഡി നൽകാൻ അന്ന് വൈസ് ചാൻസലർ കൂടിയായിരുന്ന ഡോ ധർമ്മരാജ് അടാട്ട് ശുപാർശ ചെയ്യുകയായിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി സമിതി പറഞ്ഞു.