തിരുവനന്തപുരം : കുഫോസ് (കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല) താത്‌കാലിക വി സിയായി ഡോ.ടി പ്രദീപ് കുമാറിന് ചുമതല. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി വെജിറ്റബിൾ സയൻസ് ഡിപ്പാർട്ട്‌മെന്‍റ് മേധാവിയാണ് പ്രദീപ് കുമാർ. നിലവിലെ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. റോസ്‌ലിൻഡ് ജോർജിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് പ്രദീപ് കുമാറിനെ താത്‌കാലിക വൈസ് ചാൻസലറായി നിയമിച്ചുള്ള ഗവർണറുടെ ഉത്തരവ് വന്നത്.
നിലവിലെ സർവകലാശാല ചട്ടത്തിന് വിപരീതമായി വി സി ചുമതലയിൽ ജൂലൈ അവസാനം വരെ തുടരാനുള്ള അനുമതിക്കായി റോസ്‌ലിൻഡ് നീക്കം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാലയിലെ 25 അധ്യാപകർ പ്രോ-ചാൻസലർ കൂടിയായ മന്ത്രി സജി ചെറിയാന് പരാതി നൽകി. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ജൂലൈ 31 വരെ തുടരാൻ അനുവദിക്കരുതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
also read :വി.പി ജോയ് കേരള പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍
പ്രദീപ് വികസിപ്പിച്ചത് ആറ് വിളകൾ :ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ (IARI)നിന്ന് ഹോർട്ടികൾച്ചറിൽ പി എച്ച് ഡി നേടിയ പ്രദീപ് കുമാർ 1996 ലാണ് അസിസ്റ്റന്‍റ് പ്രൊഫസറായി സേവനം ആരംഭിക്കുന്നത്. 23 വർഷത്തിലേറെ പരിചയമുള്ള ഡോ. പ്രദീപ്‌കുമാർ തണ്ണിമത്തൻ (വിത്തില്ലാത്ത ഇനം), സാലഡ് കുക്കുമ്പർ (പാർഥെനോകാർപിക് ഇനം), വരമ്പൽ വെള്ളരി എന്നിങ്ങനെ വിവിധ വിളകളുടെ ആറ് സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സർക്കാർ ഏർപ്പെടുത്തിയ മികച്ച കാർഷിക ശാസ്‌ത്രജ്ഞനുള്ള കൃഷിവിജ്ഞാൻ പുരസ്‌കാരം നേടിയ വ്യക്തികൂടിയാണ് പ്രദീപ്. നിലവിൽ തൃശൂർ വെള്ളാനിക്കര കാർഷിക കോളജിലെ വെജിറ്റബിൾ സയൻസ് വിഭാഗം മേധാവിയാണ് ഇദ്ദേഹം.