തിരുവനന്തപുരം : കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യാസം ആവശ്യമാണെന്ന് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവായ എംഎസ് സ്വാമിനാഥന്‍റെ മകളും പ്രമുഖ ഭക്ഷ്യ-കാര്‍ഷിക ഗവേഷകയുമായ ഡോ. മഥുര സ്വാമിനാഥന്‍ (Madhura Swaminathan About Nutrition Security to Food Security).
അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ പഠന പ്രകാരം ഇന്ത്യയില്‍ 104 കോടിയിലധികം ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിനുള്ള ദിവസ വരുമാനമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരളീയത്തിന്‍റെ ഭാഗമായി 'കേരളത്തിലെ ഭക്ഷ്യസുരക്ഷ' എന്ന വിഷയത്തില്‍ ഭക്ഷ്യ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. മഥുര.
ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള പഠനങ്ങള്‍ അടുത്ത കാലത്താണ് ആരംഭിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഒരു വ്യക്തിക്ക് ദിവസേന 3 ഡോളര്‍ ചെലവുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടന പറയുന്നു.
ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും തുക ആവശ്യമാണെന്ന് കണക്കാക്കുന്നത്. സമ്പാദ്യത്തിന്‍റെ 35 ശതമാനത്തിലേറെ ആരോഗ്യകരമായ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരുന്നയാള്‍ ദരിദ്രനാണ്.
കേരളത്തില്‍ 254 രൂപ ദിവസ വേതനം ലഭിക്കുകയും ആരോഗ്യകരമായ ഭക്ഷണത്തിനായി 48 രൂപ ഒരാള്‍ ചിലവാക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണത്തിനായി കേരളത്തില്‍ ദിവസ വേതനത്തിന്‍റെ 20 ശതമാനത്തില്‍ താഴെ മാത്രമേ ഒരാള്‍ക്ക് ചെലവുള്ളൂ. ബിഹാറില്‍ 62 രൂപ ദിവസ വേതനമായി നേടുന്നയാള്‍ 42 രൂപ ആരോഗ്യകരമായ ഭക്ഷണത്തിനായി ചെലവാക്കണം.