കേരളം

kerala

ETV Bharat / state

'എ പ്ലസ് നൽകി വിദ്യാർഥികളെ ചതിക്കരുത്'; കേരളത്തിന് വേണ്ടത് ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന് ഡോ ദിലീപ് കുമാര്‍ - എസ് ഷാനവാസിന്‍റെ പ്രസ്‌താവന

Kerala A+ Controversy : വിവാദം എ പ്ലസിനെ ചുറ്റിപ്പറ്റിയാണെങ്കിലും ചർച്ച അതില്‍ മാത്രം ഒതുക്കരുത്. വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കുറിച്ച് പഠനം നടത്താൻ സർക്കാർ തയ്യാറാകണം. പ്രൈമറി തലം മുതൽ മാറ്റം ആവശ്യമാണ്. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റ് പോലെ പ്രൈമറി ഡയറക്‌ടറേറ്റും ആവശ്യമാണെന്നും ഡോ. ദിലീപ് കുമാര്‍ പറഞ്ഞു.

Etv Bharat
Dr M C Dileepkumar Talks on Kerala Public Education System

By ETV Bharat Kerala Team

Published : Dec 14, 2023, 6:15 PM IST

തിരുവനന്തപുരം : എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ വിദഗ്‌ധനും കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം സി ദിലീപ് കുമാര്‍ (Dr M C Dileepkumar on Public Education System). വിവാദം എ പ്ലസിനെ ചുറ്റിപ്പറ്റിയാണെങ്കിലും ചർച്ച അതില്‍ മാത്രം ഒതുക്കരുതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒന്നാമതെന്ന് മേനി നടിക്കുമ്പോഴും പഠന നിലവാരം ഈ നേട്ടത്തിനൊത്ത് ഉയരുന്നുണ്ടോ എന്നത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. ഫലപ്രഖ്യാപന വേളയില്‍ എ പ്ലസ് നേട്ടക്കാരുടെ എണ്ണം വർഷം പ്രതി വര്‍ധിച്ചിട്ടും ഈ ചോദ്യം ഉയർന്നുതന്നെ നിൽക്കുന്നതായും ദിലീപ് കുമാര്‍ ചൂണ്ടിക്കാട്ടി.

കേരള മോഡൽ വികസനമായി ഈ നേട്ടം എണ്ണിപ്പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്‍റെ പ്രസ്‌താവന പുറത്തുവരുന്നത്. ഡയറക്‌ടറുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നില്ലെങ്കിലും കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം പൊളിച്ചുപണിയേണ്ട സമയമാണിതെന്നും ഡോ. ദിലീപ് കുമാര്‍ പറയുന്നു.

വിദ്യാഭ്യാസ മേഖലയിൽ ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കുറിച്ച് ആരോപണം ഉയരുന്ന സാഹചര്യത്തിൽ അവയെ കുറിച്ച് പഠനം നടത്താൻ സർക്കാർ തയ്യാറാകണം. പ്രത്യേകിച്ച് സ്‌കൂളുകൾക്ക് സമാന്തരമായി ട്യൂഷൻ സെന്‍ററുകൾ ഉയർന്നുവരുന്ന കാലം കൂടിയാണിത്.

പരീക്ഷാ മൂല്യനിർണയത്തിൽ വന്ന ഉദാര സമീപനം വിദ്യാർത്ഥികളുടെ പരിശ്രമത്തെയാണ് ഇല്ലാതാക്കിയത്. അത് മാറണം. നൂറ് ശതമാനത്തിന് വേണ്ടിയുള്ള സമ്മർദ്ദം സർക്കാരിന്‍റെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുണ്ട്. അതും മാറണം. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയുള്ളവർ മാത്രം അതിന് പോകണം.

നിലവിൽ പ്രൈമറി തലം മുതൽ മാറ്റം ആവശ്യമാണ്. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റ് പോലെ പ്രൈമറി ഡയറക്‌ടറേറ്റും ആവശ്യമാണ്. ചെറുപ്പത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസം അവരുടെ തുടർ വിദ്യാഭ്യാസത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നതായും ഡോ. ദിലീപ് കുമാര്‍ വ്യക്‌തമാക്കി.

നൽകേണ്ടത് ഗുണമേന്മയുള്ള വിദ്യാഭ്യാസം:അനിയന്ത്രിതമായി എ പ്ലസ് നൽകിയും വിജയിപ്പിച്ചും അധ്യാപകർ വിദ്യാർഥികളെ ചതിക്കരുത്. വിജയ ശതമാനം ഉയർത്തുന്നതിന് സിഇ മാർക്കടക്കം നൽകുമ്പോൾ അതിനുള്ള യോഗ്യത ആ വിദ്യാർത്ഥിക്ക് ഉണ്ടോ എന്നുകൂടി പരിശോധിക്കണം. അല്ലാത്ത പക്ഷം ഗുണമേന്മ ഇല്ലാത്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നൽകി അവരെ ചതിക്കുന്നതിന് തുല്യമാണത്.

ഇപ്പോൾ തന്നെ എ പ്ലസുകള്‍ വാങ്ങി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ മത്സര പരീക്ഷയിൽ പലപ്പോഴും പരാജിതനാകുന്ന സ്ഥിതിയാണ്. ഇംഗ്ലീഷ്, ഹിന്ദി പോലുള്ള ഭാഷകളിൽ ഉയർന്ന വിജയമാണെങ്കിലും അവ കൈകാര്യം ചെയ്യാനുള്ള ശേഷി അവർക്കുണ്ടാകില്ല. ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസത്തിന്‍റെ പ്രശ്‌നങ്ങളാണിവയൊക്കെ.

Also Read:'അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്കും ഫുള്‍ എ പ്ലസ്, ഇത് കുട്ടികളോടുള്ള ചതി'; പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമർശം വിവാദത്തില്‍

കേരളത്തിലെ സ്‌കൂളുകളിൽ കുറഞ്ഞ പക്ഷം ഭാഷാ പഠനത്തിനുള്ള കമ്മ്യൂണിക്കേഷൻ ലാബുകളെങ്കിലും വരേണ്ട സമയം കഴിഞ്ഞു. ഇതിനുപുറമെ രാഷ്ട്രീയം കലരാതെ കാലത്തിനൊത്ത് സിലബസ് പരിഷ്‌കരിക്കണം. നിലവിലെ വിദ്യാഭ്യാസ രീതിക്ക് ദിശാബോധമില്ലാത്ത അവസ്ഥയാണ്. എന്നാൽ പുതിയ പാഠ്യ പദ്ധതിയിലൂടെ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിലീപ് കുമാർ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details