തിരുവനന്തപുരം : 2016 മുതൽ ഇതുവരെ സംസ്ഥാനത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവന്‍ നഷ്ടമായത് 66 യുവതികള്‍ക്ക്. കഴിഞ്ഞ ജൂൺ 16 വരെ പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരമാണിത്. 2016ൽ 25 പേരാണ് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ചത്. 2017ൽ 12 പേരും 2018ൽ 18 പേരും 2019ലും 2020ലും ആറ് പേർ വീതവും മരിച്ചു.
സംസ്ഥാനത്തെ സ്ത്രീധന മരണങ്ങൾ
ഭർത്താവിന്‍റെയും ബന്ധുക്കളുടെയും ക്രൂരതയെ തുടർന്ന് ഈ വർഷം ഏപ്രിൽ വരെ മാത്രം 1080 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം 2017 മെയ് 25 മുതൽ ഈ വർഷം ഫെബ്രുവരി രണ്ടു വരെ മാത്രം 169 കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിത കമ്മിഷനിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 83 കേസുകളിൽ നടപടി സ്വീകരിച്ചു.
Read more:ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
രണ്ട് ദിവസങ്ങളിലായി മൂന്ന് ആത്മഹത്യകൾ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടർച്ചയായ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂൺ 22നാണ് കൊല്ലം ജില്ലയിൽ വിസ്‌മയ എന്ന പെൺകുട്ടി സ്ത്രീധനത്തിന്‍റെ പേരിലുള്ള ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്‌തത്. തുടർന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും സമാനമായ സംഭവങ്ങൾ ഉണ്ടായി.
അർച്ചന എന്ന പെൺകുട്ടിയെ തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർത്താവിന്‍റെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴയില്‍ 19കാരി സുചിത്രയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തി.
ഇതിനുപുറമേ അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയിൽ മകൻ ഉണ്ണി ദേവിനെതിരെ പ്രേരണാകുറ്റത്തിനും ഗാർഹിക പീഡനത്തിനും മെയ് മാസം കേസ് രജിസ്റ്റർ ചെയ്‌തു.
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ കൊല്ലം അഞ്ചലിലുണ്ടായ ഉത്ര വധവും ഏറെ നടുക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു. ഉത്രയെ ഭർത്താവായ സൂരജ് മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങളുടെ നിര നീളുന്നു.