തിരുവനന്തപുരം: ഡോക്‌ടര്‍മാർക്കെതിരെയും ആരോഗ്യ പ്രവർത്തകർക്ക് എതിരെയും ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) യുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് തുടരുന്നു. കോഴിക്കോട് ഫാത്തിമ മാത ആശുപത്രിയിലെ ഡോക്‌ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് പ്രതിഷേധം.
ആക്രമം കഴിഞ്ഞിട്ട് ഒരാഴ്‌ച പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരാഴ്‌ച മുൻപായിരുന്നു ഐഎംഎ സമരം പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം.
അത്യാഹിത വിഭാഗത്തിലെ ഡോക്‌ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ഡോക്‌ടര്‍മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും രാവിലെ മുതൽ ഇതറിയാതെ എത്തിയ രോഗികളുടെ വന്‍ തിരക്കായിരുന്നു. എന്നാൽ കാഷ്വാലിറ്റി സേവനമുണ്ടായിരുന്നതിനാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
ഐഎംഎയ്‌ക്കൊപ്പം കെജിഎംസിടിഎ, കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡന്‍സ് അസോസിയേഷന്‍, മെഡിക്കൽ കോളജ് സ്റ്റുഡന്‍റ്‌സ് യൂണിയൻ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ആശുപത്രികളില്‍ അവശ്യ സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കാനായി ചെറിയൊരു വിഭാഗം ഡോക്‌ടര്‍മാർ മാത്രമാണ് ഇന്ന് ജോലിയിലുള്ളത്. അടിയന്തര സാഹചര്യത്തിലും സമരം അറിയാതെയും എത്തിയവർ ഒഴിച്ചാൽ പൊതുവെ ഇന്ന് ആശുപത്രികളിലും തിരക്ക് കുറവാണ്.
കോഴിക്കോട് ഫാത്തിമ മാതാ ആശുപത്രിയിൽ ഡോക്‌ടര്‍മാരെ ആക്രമിച്ച പ്രതികളെ പിടികൂടുക, ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങൾക്ക് എതിരെ ഹൈക്കോടതി നിർദേശം കർശനമായി പാലിക്കുക, ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് സംഘടിപ്പിച്ചത്. ജില്ലകൾ കേന്ദ്രീകരിച്ചും ധർണയും മാർച്ചും സംഘടിപ്പിക്കും. ചില ഡോക്‌ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന നിയമസഭയിലെ കെ ബി ഗണേഷ് കുമാറിന്‍റെ പരാമർശത്തിനെതിരെ ഇന്നും ഡോക്‌ടർമാർ പ്രതിഷേധിച്ചിരുന്നു.