തിരുവനന്തപുരം: ചികിത്സയ്ക്കിടെ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന ഡോക്‌ടർമാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും നിർത്തിവച്ചാണ് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലും ഡോക്‌ടർമാർ ശക്തമായ സമരം നടത്തുന്നത്. ഇതോടെ സംസ്ഥാനത്തെ ചികിത്സ സംവിധാനമാകെ താറുമാറായ അവസ്ഥയിലാണ്.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസ് ഇറക്കണമെന്നുമായിരുന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് മുഖ്യമന്ത്രി ഡോക്‌ടർമാരെ ചർച്ചയ്ക്ക് വിളിച്ചത്. അതേസമയം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുൽഫി നൂഹ് പ്രതികരിച്ചു.
ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനൻസ് ആയി ഉടൻ പുറത്തിറക്കുക, ആശുപത്രിയെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, വന്ദനയുടെ കൊലക്കേസ് പ്രത്യേക സംഘം അന്വേഷിക്കുക, ശിക്ഷ ഉറപ്പാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിന് വന്ദനയുടെ പേര് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സുല്‍ഫി നൂഹ് വ്യക്തമാക്കി. ജൂനിയർ ഡോക്‌ടർമാരെ ഡ്യൂട്ടിക്കിടുന്ന സമയത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നൽകണമെന്നും ചർച്ചയിൽ ഉന്നയിക്കുമെന്നും ഐഎംഎ വ്യക്തമാക്കി.