തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്‍ററിലെ കൊവിഡ് 19 ബാധിച്ച ഡോക്ടറുമായി നേരിട്ട് ഇടപെട്ട ഡോക്ടമാർ ഉൾപ്പെടെ 76 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തില്‍. ഇതില്‍ 43 പേർ ഡോക്ടർമാരാണ്. 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ ജീവനക്കാരും രണ്ട് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളതില്‍ 26 ഡോക്ടർമാർ രോഗം ബാധിക്കാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. 17 പേർ ലോ റിസ്‌ക് കോൺടാക്റ്റ് വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.
ശ്രീചിത്രയിലെ ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തില്‍; ആശുപത്രി പ്രവർത്തനം പ്രതിസന്ധിയില്‍ - covid 19 news updates
കൊവിഡ് 19 ബാധിച്ച ഡോക്ടറുമായി നേരിട്ട് ഇടപെട്ട ഡോക്ടമാർ ഉൾപ്പെടെ 76 ആശുപത്രി ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്.
രോഗിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത 27 പേർ ഹൈറിസ്ക് വിഭാഗത്തിലും 156 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. മാർച്ച് രണ്ടിന് രാവിലെ 1.20ന് ദോഹയിൽ നിന്നുള്ള QR 506 വിമാനത്തിലാണ് ഇയാളെത്തിയത്. ഈ വിമാനത്തിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ഇന്നലെയാണ് സ്പെയ്‌നിൽ നിന്ന് പരിശീലനം പൂർത്തിയാക്കി എത്തിയ ശ്രീ ചിത്രയിലെ ഡോക്ടർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ 10 ദിവസം ഡോക്ടർ ജോലിക്കെത്തിയിരുന്നു. രോഗ വിവരം സ്ഥിരീകരിച്ചതോടെ ഇയാളുമായി ഇടപെട്ട ജീവനക്കാരോട് വീടുകളിൽ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരൻ പങ്കെടുത്ത യോഗത്തിൽ ഡോക്ടർ പങ്കെടുത്തു എന്ന സംശയത്തെ തുടർന്ന് മന്ത്രിയുടെ ഓഫീസ് ശ്രീചിത്ര ഡയറക്ടറോട് വിശദീകരണം തേടി. അതിനിടെ, ഡോക്ടറുമായി ഇടപെട്ടവർ ഇനിയും ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. കൂടുതൽ ജീവനക്കാർ മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും.