തിരുവനന്തപുരം : യുവ ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തിന് പിന്നാലെയുള്ള ഡോക്‌ടര്‍മാരുടെ സമരം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) തീരുമാനം. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. അതല്ലാതെ താത്‌കാലിക ഒത്തുതീർപ്പിന് തയാറാകേണ്ടെന്നുമാണ് സംഘടന നിലപാട് എടുത്തിരിക്കുന്നത്.
ആരോഗ്യപ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. ഇതിനായുള്ള നിയമത്തിന് ഡോക്‌ടര്‍ വന്ദനയുടെ പേര് നൽകാന്‍ സർക്കാർ തയ്യാറാകണം. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം.
അക്രമാസക്തനായ ഒരു പ്രതിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾ നിർത്തിയാണ് സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്കുന്നത്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ പണിമുടക്കിൽ പങ്കാളിയാകുന്നുണ്ട്.