തിരുവനന്തപുരം:കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗിയുടെ ബന്ധുക്കള്‍ ഡോക്‌ടറെ മർദിച്ച സംഭവം അപലപനീയമാണെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകന് ശനിയാഴ്‌ചയാണ് (5-3-2023) മർദനമേറ്റത്. ചികിത്സ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം. ഒരാഴ്‌ചക്ക് മുൻപ് ഈ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു.
ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് യുവതി ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നഴ്‌സിങ് കൗണ്ടറിന്‍റെ ചില്ലുകളും ചെടിച്ചട്ടികളും രോഗിയുടെ ബന്ധുക്കൾ പൊട്ടിച്ചു. ഇതറിഞ്ഞ് എത്തിയതായിരുന്നു ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകൻ.
ആക്രണത്തെ ചോദ്യം ചെയ്‌തതോടെ ഇദ്ദേഹത്തെ യുവതിയുടെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതിഷേധിച്ച് ഐഎംഎ: സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്‌ടർമാർ നാളെ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കും. നാളെ സംസ്ഥാനം ഒട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കും.