ദീപാവലി പൊടിപൊടിക്കാൻ പടക്കവിപണി സജീവം തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് രാജ്യമെങ്ങും ആഘോഷ ലഹരിയിലാണ്. നാളെയാണ് (നവംബര്‍ 12) ദീപങ്ങളുടെ ഉത്സവമായ ദീപാവലി (Diwali). അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ (Diwali celebration). കേരളത്തിലും ദീപാവലിയോടനുബന്ധിച്ച് പടക്ക വിപണി (firecrackers market) സജീവമായിരിക്കുകയാണ്.
പീക്കോക്ക് മുതൽ എലൈറ്റ് മാജിക്കൽ മിക്‌സ് വരെ: മയിൽപ്പീലി പോലെ പല വർണങ്ങളാൽ വിരിയുന്ന പീക്കോക്ക്, ക്യാമറ ഫ്ലാഷിന് സമാനമായ പ്രകാശം വിടരുന്ന ഫോട്ടോ ഫ്ലാഷും സെൽഫിസ്റ്റിക്കും വിവിധ വർണങ്ങളാൽ നേരിയ ശബ്‌ദത്തോടെ ഉയർന്ന് പൊങ്ങുന്ന ഹെലികോപ്‌റ്റർ, കുട്ടികളെ ആകർഷിക്കുന്ന ജോളി ട്രെയിൻ, പമ്പരം... തലസ്ഥാനത്ത് പുതുമയുടെ പൊടിക്കൈകളുമായി പടക്ക വിപണി സജീവമായിരിക്കുകയാണ്.
കൊക്കകോളയുടെ കുപ്പിയുടെ മാതൃകയിൽ ഡിസൈൻ ചെയ്‌ത എലൈറ്റ് മാജിക്കൽ മിക്‌സ് എന്നിങ്ങനെ ഫാൻസി ഇനങ്ങളാണ് പടക്കങ്ങളെക്കാൾ വിപണിയിൽ ഏറെയും. പതിവ് പോലെ ശിവകാശിയിൽ നിന്നുമാണ് ഇവ കൂടുതലായും എത്തുന്നത്. പുറമെ ചെെനീസ് പടക്കങ്ങളും ലോക്കൽ മെയ്‌ഡ് പടക്കങ്ങളും വിപണിയിൽ സജീവമാണ്. (Firecrackers market in Thiruvananthapuram)
ഫോട്ടോ ഫ്ലാഷ് 80, ഹെലികോപ്റ്റർ 150, സെൽഫി സ്റ്റിക്ക് 120, പമ്പരം 150, എലൈറ്റ് മാജിക്കൽ മിക്‌സ് 200, പീകോക്ക് 225, ജോളി ട്രെയിൻ 325 ഇങ്ങനെ നീളുന്നു വിലവിവരപ്പട്ടിക. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം, തറചക്രം തുടങ്ങിയവയെല്ലാം പല വർണങ്ങളിലും കൂടുതൽ പുതുമയോടെയുമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും, പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികളും വിപണിയിലെ പ്രധാന ആകർഷണങ്ങളുടെ ഇനത്തിൽപ്പെടുന്നു. ഫാൻസി ഇനങ്ങൾക്കാണ് വിപണിയിൽ ഡിമാന്‍റ് കൂടുതലെങ്കിലും നാടൻ പടക്കങ്ങൾ വാങ്ങാനും നല്ല തിരക്കുണ്ട്. 10 രൂപയുടെ ഓലപ്പടക്കം മുതൽ 2000 രൂപയിലേറെ വരുന്ന കമ്പങ്ങൾ വരെ വിപണിയിൽ സജീവമാണ്.
ഓലപ്പടക്കം, മുളക് പടക്കം, കിറ്റ് കാറ്റ് പടക്കം, മാലപ്പടക്കം തുടങ്ങിയവ വിപണിയിലെ പ്രധാന ആകർഷണങ്ങളാണ്. നഗരത്തിൽ ചെറുതും വലുതുമായ നിരവധി പടക്കകടകൾ സജ്ജമായി കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പടക്കങ്ങൾക്ക് വില കൂടിയിട്ടില്ലെന്നാണ് കച്ചവടക്കാർ അവകാശപ്പെടുന്നത്. മഴപ്പേടിയുണ്ടെങ്കിലും ദീപാവലിക്ക് (Diwali) ഒരു നാൾ മാത്രം ബാക്കി നിൽക്കെ ഇന്ന് പടക്ക വിപണി പൊടിപൊടിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ (Diwali celebration Firecrackers market in Thiruvananthapuram).