കേരളം

kerala

ETV Bharat / state

സംസ്ഥാന അധ്യക്ഷന്‍ ആരാകും; ബി.ജെ.പിയില്‍ ചര്‍ച്ചകൾ സജീവം - കെ.സുരേന്ദ്രൻ

കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരപക്ഷം സജീവമായി രംഗത്തെത്തുമ്പോൾ ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് കൃഷ്‌ണദാസ് പക്ഷം. എം.ടി രമേശിന്‍റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്‌ണദാസ് പക്ഷം നിര്‍ദേശിക്കുന്നത്

ബിജെപി

By

Published : Oct 26, 2019, 12:53 PM IST

തിരുവനന്തപുരം:പി.എസ്.ശ്രീധരന്‍പിള്ള ഗവര്‍ണറായതിന് പിന്നാലെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്നതിനെ സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം. കെ.സുരേന്ദ്രന്‍റെയും എം.ടി.രമേശിന്‍റെയും പേരുകള്‍ക്കാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. അതേസമയം കുമ്മനം രാജശേഖരന് വേണ്ടി ആര്‍എസ്എസും ശക്തമായി രംഗത്തുണ്ട്.

കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരപക്ഷം സജീവമായി രംഗത്തെത്തുമ്പോൾ ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് കൃഷ്‌ണദാസ് പക്ഷം. ഇതിനായി എം.ടി രമേശിന്‍റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് അവര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ വി.മുരളീധരന് കേന്ദ്ര നേതൃത്വത്തിലുള്ള സ്വാധീനം കെ.സുരേന്ദ്രന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മുരളീധരന്‍ കേന്ദ്ര നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ടയാളാണ്. അതുകൊണ്ട് തന്നെ മുരളീധരന്‍റെ ആവശ്യം കേന്ദ്രം നേതൃത്വം തള്ളാന്‍ സാധ്യത കുറവാണ്.

നേരത്തെ കുമ്മനം മിസോറാം ഗവര്‍ണറായി പോയതിന് ശേഷവും കെ.സുരേന്ദ്രന്‍റെ പേര് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മുരളീധരൻ- കൃഷ്‌ണദാസ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കുമ്മനം രാജശേഖരന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. സമവായത്തിന്‍റെ ഭാഗമായി കുമ്മനത്തെ അധ്യക്ഷനാക്കാനുള്ള സാധ്യതകളുമുണ്ട്. കുമ്മനം വന്നാല്‍ ബിജെപിയില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിക്കാം എന്നതാണ് ഇതിനു കാരണം. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കിയിട്ടുണ്ട്. എല്ലായിപ്പോഴും അപ്രതിക്ഷിത തീരുമാനങ്ങളുമായി പ്രവര്‍ത്തകരെ ഞെട്ടിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.

ABOUT THE AUTHOR

...view details