തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അവസാനിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിൽ ഇളവ് നേടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വിധിയിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ബഫർ സോൺ; സുപ്രീം കോടതി ഉത്തരവിൽ ഇളവ് നേടാനുള്ള നടപടികൾ ആരംഭിച്ചെന്ന് വനം മന്ത്രി ഇന്ന്(29.08.2022) മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ഈ യോഗം ചർച്ച ചെയ്യും. ഉടൻ തന്നെ ഈ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
ബഫർ സോൺ സംബന്ധിച്ച് 2019 ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇത് റദ്ദാക്കാതെ മുന്നോട്ട് പോയാൽ സുപ്രീം കോടതി എംപവേർഡ് കമ്മറ്റിയിൽ നിന്ന് തിരിച്ചടിയുണ്ടാകും. സർക്കാർ ദുർവാശി വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ വനം മന്ത്രി ഈ ആരോപണം തള്ളി.
2019ലെ സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിയുണ്ടായതെന്നും വനം മന്ത്രി മറുപടി നൽകി. കേരളം മാത്രമാണ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ബഫർ സോൺ വേണ്ടെന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധിയും മന്ത്രിസഭ തീരുമാനവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും നിയമോപദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും നിയമമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.