തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷനിലായിരുന്ന അയിരൂര്‍ എസ്എച്ച്ഒയെ സര്‍വീസില്‍ നിന്ന് പുറത്താക്കി. അയിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍ ജെയസനിലിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കി. റിസോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വ്യാജമായി കേസ് കെട്ടി ചമച്ചതായി തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
മുൻപ് കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്നയാളാണ് ജെയസനില്‍. സസ്‌പെന്‍ഷനിലുള്ള ഇയാള്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വര്‍ഷം രണ്ടാം തവണയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് സേനയില്‍ നിന്നും ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്.
ഈ വര്‍ഷമാദ്യം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഗുണ്ട ആക്രമണങ്ങളെ തുടര്‍ന്നാണ് പൊലീസ് സേനയിലെ അച്ചടക്ക നടപടികള്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും ശക്തിപ്പെടുത്തുന്നത്. കുപ്രസിദ്ധ ഗുണ്ട നേതാക്കളായ ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ഉള്‍പ്പെട്ട ഗുണ്ട സംഘങ്ങള്‍ പലപ്പോഴായി ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.