തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ (Disability Welfare Corporation Renamed) അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് (Differently Abled Welfare Corporation) എന്ന പേരിൽ അറിയപ്പെടും.
വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ സാമൂഹ്യ നീതി വകുപ്പ് (Department of Social Justice) നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിക്കുകയായിരുന്നു. തുടർന്ന് പുനർനാമകരണം വേഗമാക്കാൻ സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദേശം കോർപ്പറേഷന് നൽകുകയും 2023 ഓഗസ്റ്റിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്നാണ് പുതിയ പേരിന് അംഗീകാരം.
സർക്കാർ, പൊതുവേദികളിൽ ഔദ്യോഗികമായി പൂർണ്ണമായും പുനർനാമകരണം നിലവിൽ വരാൻ ഡയറക്‌ടർ ബോർഡ് യോഗവും ജനറൽബോഡി യോഗവും വിളിച്ചു ചേർക്കണമെന്നും ഒക്ടോബർ 25ന് ഡയറക്‌ടർ ബോർഡ് യോഗം ചേർന്ന് തുടർന്ന് ജനറൽബോഡി യോഗവും വിളിച്ചുചേർത്ത് അടിയന്തരമായി പേരുമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്നും സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി പ്രതിവർഷം ഒരു കോടി രൂപ:ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിവർഷം ഒരു കോടി രൂപ സംഭാവന നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് പ്രവാസി വ്യവസായി എം എ യൂസഫലി. കൂടാതെ തന്‍റെ മരണശേഷവും ഈ സംഭാവന തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു. പത്മശ്രീ അവാർഡ് ജേതാവ് കൂടിയായ യൂസഫലി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ വൈദഗ്ധ്യം തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഡിഫറന്‍റ് ആർട്‌സ് സെന്‍റർ (ഡിഎസി) എന്ന സ്ഥാപനത്തിന് 1.5 കോടി രൂപ സംഭാവന നൽകി.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് എട്ട് ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളതെന്ന് കാസർകോട് ഡൈവേഴ്‌സിറ്റി റിസേര്‍ച്ച് സെന്‍ററിന്‍റെ ലോഗോ പ്രകാശനത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ (സെപ്‌റ്റംബര്‍ 3) അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അല്ലാതെ കുട്ടികൾക്ക് മറ്റ് മേഖലകളിലും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ സാമൂഹിക ബാധ്യത കൂടിയാണെന്നും, ഇത് ഉറപ്പ് വരുത്തുന്നതിനായി ഡിഎസിക്കുള്ള 1.5 കോടി രൂപയുടെ ചെക്ക് ഡിഎസി അക്കാദമി ഓഫ് മാജിക്കൽ സയൻസസിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാടിന് യൂസഫലി കൈമാറി.
പരിപാടികള്‍ക്കിടയില്‍ പ്രതിവർഷം ഒരു കോടി രൂപ സംഭാവന നൽകുമെന്നും ഇത് തന്‍റെ മരണശേഷവും തുടരുമെന്നും പറഞ്ഞു. എല്ലാ വർഷവും ഈ സ്ഥാപനത്തിന് ഒരു കോടി രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും തന്‍റെ മരണശേഷവും ഇത് തുടരുകയും ഇതിനെക്കുറിച്ച് തന്‍റെ സഹപ്രവര്‍ത്തകരോട് പറയുകയും രേഖാമൂലം രേഖപ്പെടുത്തുകയും ചെയ്യുമെന്നും എല്ലാ ജനുവരിയിലും ഈ തുക സ്ഥാപനത്തിൽ എത്തിക്കുമെന്നും യൂസഫലി കൂട്ടിചേര്‍ത്തു.