തിരുവനന്തപുരം :ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന് ആരോപിച്ച് വീണ്ടും തെളിവ് പുറത്തുവിട്ട് സംവിധായകന്‍ വിനയന്‍. രഞ്ജിത്തിന്‍റെ ഇടപെടല്‍ സംബന്ധിച്ച് ജൂറി അംഗമായിരുന്ന ഗായിക ജെന്‍സി ഗ്രിഗറി ഒരു മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു വിനയന്‍. ചില ചിത്രങ്ങള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞു. അത്തരത്തിലുള്ള ഇടപെടലുകള്‍ വിഷമമുണ്ടാക്കിയെന്നുമാണ് ജെന്‍സ് ഗ്രിഗറി പറയുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജൂറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരിക മന്ത്രി ഇന്ന് സംശയ ലേശമന്യേ മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. ഇവിടെ പോസ്റ്റ് ചെയ്‌തിരിക്കുന്നത് മറ്റൊരു ജൂറി മെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്‌ദ രേഖയാണ്. ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്. ഇതൊന്ന് കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാര്‍ഡ് നിർണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്ന് മനസിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടുകേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്. അതാണ് ഇവിടുത്തെ പ്രശ്‌നവും.അല്ലാതെ അവാർഡ് ആർക്ക് കിട്ടിയെന്നോ? കിട്ടാത്തതിന്‍റെ പരാതിയോ ഒന്നുമായി ദയവുചെയ്‌ത് ഈ വിഷയം മാറ്റരുത്.അധികാര ദുർവിനിയോഗം ആണ് ഈ ഇടപെടൽ. അതിനാണ് മറുപടി വേണ്ടത്. - സംവിധായകന്‍ വിനയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
'രഞ്ജിത്തിന്‍റേത് അവിഹിത ഇടപെടല്‍' :2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം സംബന്ധിച്ച് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഇത് രണ്ടാം തവണയാണ് സംവിധായകന്‍ വിനയന്‍ തെളിവ് പുറത്തുവിടുന്നത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് അവിഹിതമായി ഇടപെട്ടുവെന്ന് വിനയന്‍ ആരോപിക്കുന്നു. രഞ്ജിത്ത് ജൂറിയെ നിയന്ത്രിച്ചുവെന്നും അദ്ദേഹത്തിന് വിരോധമുള്ളവരുടെ ചിത്രങ്ങള്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് വിനയന്‍റെ ആരോപണം.