തിരുവനന്തപുരം: വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്കിൻ്റെ വിയോഗം മലയാളി പ്രേക്ഷകർക്ക് കനത്ത നഷ്ടമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ഇടിവി ഭാരതിനോട് പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിൽ മലയാള സിനിമക്ക് വന്ന ദൃശ്യപരമായ മാറ്റത്തെ വലിയ തോതിൽ കിം കി ഡുക്കിൻ്റെ സിനിമകൾ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ട യുവതലമുറ ആ രീതിയിൽ സിനിമയെടുക്കണമെന്ന് ചിന്തിച്ചു.
കിം കി ഡുക്കിൻ്റെ വിയോഗം മലയാളി പ്രേക്ഷകർക്ക് കനത്ത നഷ്ടമെന്ന് സംവിധായകന്‍ കമൽ - Korean director
കിം കി ഡുക്കിന് കൊറിയയിലേക്കാൾ ആരാധകരുണ്ടായിരുന്നത് കേരളത്തിലായിരുന്നെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു
അന്താരാഷ്ട്ര നിലവാരമുള്ള കാഴ്ചക്കാരെ പെട്ടെന്ന് വശീകരിക്കുന്ന ദൃശ്യപരമായ മാസ്മരികതയായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളുടെ പ്രത്യേകത. കൊറിയൻ സിനിമകൾ കേരളത്തിൽ ജനകീയമാക്കുന്നതിലും ഡുക്കിൻ്റെ സിനിമകൾ വലിയ പങ്കുവഹിച്ചു. കിം കി ഡുക്കിന് കൊറിയയിലേക്കാൾ ആരാധകരുണ്ടായിരുന്നത് കേരളത്തിലായിരുന്നു.
2013ലാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ അതിഥിയായി അദ്ദേഹം പങ്കെടുത്തത്. 2003 മുതൽ അദ്ദേഹത്തിൻ്റെ സിനിമകൾ മേളയിൽ പ്രദർശിപ്പിച്ചു തുടങ്ങി. 2005ൽ കണ്ടംപററി വിഭാഗത്തിൽ കിം കി ഡുക്കിൻ്റെ സിനിമകളാണ് പ്രദർശിപ്പിച്ചത്. അന്ന് അന്താരാഷ്ട്ര തലത്തിൽ അത്ര പ്രസിദ്ധനായിരുന്നില്ല അദ്ദേഹം. ഐഎഫ്എഫ്കെയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചതിനു ശേഷമാണ് മറ്റെല്ലാ മേളകളിലും അദ്ദേഹത്തിൻ്റെ പേര് വ്യാപകമായി കേട്ടത്. പിന്നീട് കേരളത്തിൽ ഓരോ തവണയും അദ്ദേഹത്തിന് ആരാധകർ കൂടിക്കൂടി വന്നു. യുവാക്കളെയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും കമൽ അനുസ്മരിച്ചു.