തിരുവനന്തപുരം :കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പരസ്യ വിമര്‍ശനം തുടരുന്ന ഗുലാംനബി ആസാദിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദിഗ്‌വിജയ് സിങും ജയ്‌റാം രമേശും. കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇദ്ദേഹം മോദിയെയും ആര്‍എസ്എസിനെയും എതിര്‍ത്ത ഒരു സംഭവം വിശദീകരിക്കാമോ എന്ന് ഇരുവരും ചോദിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മോദിക്കും ആര്‍എസ്എസിനുമെതിരെ ഒരക്ഷരം ഉരിയാടാതിരുന്നയാള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞിരിക്കുന്നതിന്‍റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാമെന്ന് നേതാക്കള്‍ പറഞ്ഞു.
ഗുലാംനബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത് ഏതെങ്കിലും ആദര്‍ശത്തിന്‍റെ പേരിലാണെന്ന് പറയാമോ. രാജ്യസഭയില്‍ 30 വര്‍ഷം അംഗമായിരുന്നയാള്‍ ഇപ്പോള്‍ നടത്തിയത് രാജിയെന്നോ നിയോഗമെന്നോ പറയാന്‍ കഴിയില്ലെന്നും ഇരുവരും പറഞ്ഞു. സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യാത്രയല്ല. ഇത് ഇന്ത്യയെ ഒന്നിപ്പിക്കാനും പാര്‍ട്ടിയുടെ അണികളെ ഊര്‍ജസ്വലമാക്കാനും വേണ്ടിയുള്ളതാണ്. ഇത് ഒരു മന്ത്ര വടിയല്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പരാജയവും തളര്‍ച്ചയും കാണാനിരിക്കുന്നവര്‍ക്ക് യാത്ര കഴിയുമ്പോള്‍ നിരാശപ്പെടേണ്ടിവരും.