തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈടാക്കും.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ വ്യാഴാഴ്‌ച അര്‍ദ്ധരാത്രി മുതൽ ശനിയാഴ്‌ച വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും നാളെയും മറ്റന്നാളും ഒരു ഓഫിസറെങ്കിലും മുഴുവന്‍ സമയം ഓഫിസിലുണ്ടാകണമെന്നും കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍ജന്‍റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ യാതൊരുവിധ അവധിയും ജീവനക്കാര്‍ക്ക് നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.