തിരുവനന്തപുരം: ജി ശക്തിധരന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്ന് പരാതികള്‍ ലഭിച്ചുവെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പുതിയ ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ് ഐപിഎസ്. ബെന്നി ബെഹനാൻ എം പി, ടി യു രാധാകൃഷ്‌ണൻ, കെ സുധാകരൻ എം പി എന്നിവരിൽ നിന്നുമാണ് പരാതികൾ ലഭിച്ചിട്ടുള്ളത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഷെയ്ഖ് ധർവേഷ് സാഹിബ് ഐപിഎസ്.
ലഭിച്ച പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് ഡിജിപിക്ക് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതി എഡിജിപി എം ആർ അജിത് കുമാറിന് കൈമാറിയിരുന്നു. അച്ചടക്കമില്ലാതെ സേനയ്ക്ക് മുൻപോട്ട് പോകാനാകില്ലെന്നും അച്ചടക്കം നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാൻ സ്‌ത്രീകള്‍ക്ക് പരിശീലനം: സ്ത്രീ സുരക്ഷ പ്രധാനമാണ്. ഇതിനായുള്ള പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കും. സൈബർ കുറ്റകൃത്യങ്ങള്‍ നേരിടാൻ സ്‌ത്രീകള്‍ക്ക് പരിശീലനം നൽകും. ഗുണ്ട പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും. ലഹരിവിരുദ്ധ നടപടികൾ ഊർജിതമാക്കും. റേഞ്ച് അടിസ്ഥാനത്തിൽ ടീം രൂപീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
പ്രായോഗിക തലത്തിൽ ലീഗൽ അവബോധം നൽകും. തെറ്റ് ചെയ്‌താൽ ശിക്ഷ വേണം. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ജില്ല തലത്തിൽ കമ്മിഷണറേറ്റുകൾ ആരംഭിക്കാൻ സർക്കാരിനോട് അപേക്ഷിക്കാം. പൊലീസ് സ്‌റ്റേഷനുകളിൽ ജനങ്ങളുടെ സേവനം മെച്ചപ്പെടുത്താൻ പിആര്‍ഒമാരുടെ സഹായം ഉറപ്പുവരുത്തും. എൻഡിപിഎസ് കേസുകളിൽ പാലിക്കേണ്ട മാർഗരേഖ അന്വേഷണ തലത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. സ്‌റ്റേഷൻ ലെവൽ സേവനം മെച്ചപ്പെടുത്തും.
പൗരന്മാരുമായി സൗമ്യമായി പെരുമാറുക. പരാതിക്കാരനെ കേസിന്‍റെ പ്രോഗ്രസസ് അറിയിക്കുക. പൊലീസ് സ്‌റ്റേഷൻ സർവീസുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് ഷെയ്ഖ് ധർവേഷ് സാഹിബ് അറിയിച്ചു.