തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്.
- പൊലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാന്‍ പാടില്ല.
- പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സേവനം എത്രയും വേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഉറപ്പാക്കണം.
- എസ്എച്ച്ഒയുടെ അഭാവത്തില്‍ പരാതിക്കാരെ നേരില്‍ കാണാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
- പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കൈപ്പറ്റ് രസീത് നല്‍കണം.
- പരാതി കൊഗ്നൈസബിള്‍ അല്ലെങ്കില്‍ പ്രാഥമിക അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതും അദ്ദേഹത്തിന്റെ പേരുവിവരം പരാതിക്കാരനെ അറിയിക്കേണ്ടതുമാണ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പരാതിക്കാരന് കൃത്യമായ മറുപടിയും നല്‍കണം.
- പരാതി കൊഗ്നൈസബിള്‍ ആണെങ്കില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് സൗജന്യമായി നല്‍കുകയും വേണം.
- കേസെടുത്ത് അന്വേഷണം നടത്തുമ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരാതിക്കാരനെ അറിയിക്കണം.
- അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്കിയാല് അക്കാര്യവും പരാതിക്കാരനെ അറിയിക്കണം.
- പൊലീസ് സ്റ്റേഷനില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, കുട്ടികള്‍, അവശത നേരിടുന്ന മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരുടെ ആവശ്യങ്ങളില്‍ കാലതാമസം കൂടാതെ നടപടി എടുക്കുകയും ചെയ്യണം.
- പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ ആവശ്യം മനസിലാക്കി അവരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ച് നടപടികള്‍ വേഗത്തിലാക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ക്കാണ്.
- പിആര്‍ഒമാര്‍ ഒരു കാരണവശാലും പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യാന്‍ പാടില്ല.
- പിആര്‍ഒമാര്‍ ചുമതല കൃത്യമായി നിര്‍വഹിക്കുന്നുവെന്ന് എസ്എച്ച്ഒമാര്‍ ഉറപ്പ് വരുത്തണം.
- പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് എസ്എച്ച്ഒമാര്‍ ദിവസേന ഉറപ്പുവരുത്തണം. പ്രവര്‍ത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ല പൊലീസ് മേധാവിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണം.
- പൊതുജനങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അവരോട് മാന്യമായി ഇടപെടുകയും ആവശ്യങ്ങള്‍ മനസിലാക്കി യുക്തമായ നടപടി സ്വീകരിക്കുകയും വേണം.
- ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളിലൊഴികെ ഏത് സമയത്തും ഔദ്യോഗിക ഫോണില്‍ വരുന്ന കോളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതാണ്.
- ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.