തിരുവനന്തപുരം:തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തില്‍ പൊലീസിന് ബോധപൂര്‍വ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി(Dgp Report On Governor Security).
ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളില്‍ നിന്നാണ് എസ്എഫ്‌ഐക്കാര്‍ പൈലറ്റ് വാഹനത്തിന്‍റെ മുന്നില്‍ ചാടി വീണത്. ഡിജിപി ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ 7 പേരെ പ്രതി ചേര്‍ക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍, എസ്‌ഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ചീഫ് സെക്രട്ടറി വിശദീകരണം നല്‍കുക. ഡിസംബര്‍ 11നാണ് രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മൂന്നിടത്ത് വെച്ച് ഗവര്‍ണ്ണര്‍ക്കുനേരെ എസ്എഫ്‌ഐ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
പാളയത്ത് പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ ഗവര്‍ണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെയുള്ള അക്രമണം പോലീസിന്‍റെ കൂടി അറിവോടയാണെന്ന് ആരോപിച്ച ഗവര്‍ണര്‍ ചീഫ് ചെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.